Connect with us

Kasargod

സുഗന്ധപ്പെരുമയുമായി അത്തര്‍വാല

Published

|

Last Updated

കാസര്‍കോട്: അത്തര്‍വാല തിരക്കിലാണ്. പെരുന്നാളിന് അണിഞ്ഞൊരുങ്ങുമ്പോള്‍ വേഷഭൂഷാധികള്‍ സുഗന്ധപൂരിതമാക്കാന്‍ അത്തര്‍വാല എന്ന മേല്‍പറമ്പിലെ നസീബ് എന്ന അത്തര്‍വാലയെ തേടിയെത്തുന്നവരുടെ ഇടയിലാണ് ഇയാള്‍. ആവശ്യക്കാരുടെ മുന്നില്‍ ഇഷ്ടസുഗന്ധവും കൊണ്ട് എത്തുന്ന അത്തര്‍വാല ജില്ലയിലെന്നല്ല മിക്കയിടങ്ങളിലും സുപരിചിതനാണ്. പെരുന്നാള്‍ ദിനങ്ങളോടടുക്കുമ്പോള്‍ നിന്നുതിരിയാന്‍ സമയമില്ലാത്ത അവസ്ഥയിലാണ് പലപ്പോഴും.
പെരുന്നാളാഘോഷത്തിന് നാടും നഗരവും ഒരുങ്ങുന്നതിനുമുമ്പേ തന്റെ കുഞ്ഞുപെട്ടിയിലും സഞ്ചിയിലുമായി വ്യത്യസ്ത മണങ്ങളുള്ള അത്തറും ഊതും ആവശ്യക്കാരുടെ മുന്നിലെത്തിക്കുന്നതിന് അത്തര്‍വാല തയ്യാറെടുക്കും. ജില്ലക്കു പുറമെ സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും സുഗന്ധം പരത്തുന്നതിന് ഇദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാറുണ്ട്. കൂടാതെ കര്‍ണാടകയിലെ ഷിമോഗ, ധര്‍മ്മസ്ഥല, ഹാസന്‍, സുബ്രഹ്മണ്യ, എരുമാട് തുടങ്ങിയ സ്ഥലങ്ങളിലും അത്തര്‍വില്‍പനയുമായി ബന്ധപ്പെട്ട് നസീബെത്തുമ്പോഴേക്കും ആവശ്യക്കാര്‍ ഇദ്ദേഹത്തെ സമീപിക്കുന്ന കാഴ്ചയാണുള്ളത്.
ഉത്സവസീസണുകള്‍ അടുക്കുമ്പോള്‍ രാവിലെതന്നെ മേല്‍പറമ്പിലെ തന്റെ വീട്ടില്‍നിന്നും കുഞ്ഞുപെട്ടിയും സഞ്ചിയുമെടുത്ത് ഇറങ്ങും. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി സുഗന്ധ വില്‍പ്പന രംഗത്ത് സജീവമായ അത്തര്‍വാല ഫാന്‍സി കടകളിലേക്കും സാധനങ്ങള്‍ എത്തിച്ചുകൊടുക്കാറുണ്ട്. മല്ലിക, റോസ്, പാരിജാതം, താഴമ്പു, ചന്ദനം, രാമച്ചം, മന്താരം, അമ്പര്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ സുഗന്ധദ്രവ്യങ്ങളുമായി നഗര-ഗ്രാമവ്യത്യാസമില്ലാതെ സഞ്ചരിക്കുന്ന അത്തര്‍വാലക്ക് ഒട്ടുമിക്ക പ്രദേശങ്ങളും സുപരിചിതമാണ്.
നാടിന്റെ ശോച്യാവസ്ഥക്കും രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ കൂട്ടായി പരിശ്രമിക്കുമ്പോഴും അത്തര്‍വാല എല്ലാം ഒറ്റയ്ക്ക് ഏറ്റെടുത്ത് നിവേദനങ്ങളും പരാതികളുമായി അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നിട്ടുനില്‍ക്കുന്നു. അത്തല്‍ വില്‍പനയില്‍ കിട്ടുന്ന സംഖ്യയില്‍ നാല്‍പത് ശതമാനം തുകയും കാരുണ്യ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്നു.