Connect with us

Kozhikode

കരനെല്‍ കൃഷിയില്‍ വിജയം കൊയ്ത് വനിതാ കൂട്ടായ്മ

Published

|

Last Updated

മുക്കം: കരനെല്‍ കൃഷിയില്‍ വിജയം കൊയ്ത് മുക്കം കുറ്റിപ്പാലയിലെ ഗ്രാമശ്രീ വനിതാ കൂട്ടായ്മ മാതൃകയാകുന്നു. നെല്ലുത്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം തേടിയാണ് വനിതാ കൂട്ടായ്മയില്‍ കരനെല്‍കൃഷി മുന്നേറുന്നത്. രണ്ട് ഏക്കറോളം വരുന്ന തെങ്ങിന്‍തോപ്പിലാണ് കൃഷിയിറക്കിയിരിക്കുന്നത്.
ജൈവ കൃഷിയാണെന്നത് കൂട്ടായ്മയുടെ തിളക്കം വര്‍ധിപ്പിക്കുന്നുണ്ട്. മുക്കം കൃഷി ഭവന്‍ സൗജന്യമായി നല്‍കിയ “ഉമ” ഇനം വിത്താണ് കൃഷിക്കുപയോഗിച്ചിരിക്കുന്നത്. കൈപ്പുറത്ത് സത്യഭാമ ടീച്ചര്‍, ജിഷ കക്കടവത്ത് പൊയില്‍, കമല ഇരിങ്ങംപറ്റച്ചാലില്‍, സുനിഷ, ആമിന വെള്ളാരംകുന്ന് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
മുക്കം കൃഷിഭവന്‍ ഓഫീസര്‍ എം എം സബീനയുടെ നിര്‍ദേശത്തോടെയാണ് നെല്‍ കൃഷി. സീനിയര്‍ കൃഷി അസിസ്റ്റന്റ് ഷബീര്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ് ജൈവ വള പ്രയോഗവും ജൈവ കീടനാശിനി തളിക്കലും നടത്തുന്നത്.
കരനെല്ലില്‍ വിജയം കൊയ്യാന്‍ കൊയ്ത്തിന് കാത്തിരിക്കുകയാണ് കുറ്റിപ്പാലയിലെ ഗ്രാമശ്രീ വനിതാ കൂട്ടായ്മ.