Connect with us

Malappuram

ദേവികക്കും ദേവദാസിനും മികച്ച ചികിത്സ ലഭ്യമാക്കും: മന്ത്രി എ പി അനില്‍കുമാര്‍

Published

|

Last Updated

കാളികാവ്: ശരീരമാസകലം ചൊറിപിടിച്ച് വേദന കൊണ്ട് ദുരിതം പേറി കഴിയുന്ന സഹോദരങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
കല്ലാമൂല ജി എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ശേഷം ദേവികെയും ദാസിനെയും പിതാവ് മോഹന്‍ദാസിനേയും കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും തിരുവനന്തപുരം ശാന്തിഗിരി അധികൃതരുമായി സംസാരിച്ച് അടിയന്തരമായി ചികിത്സക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ രോഗത്തെ സംബന്ധിച്ചും ചികിത്സയെകുറിച്ചും ആവശ്യമായി വിവരങ്ങള്‍ അടങ്ങുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും മന്ത്രിക്ക് എത്തിച്ച് കൊടുക്കാന്‍ വാര്‍ഡ് അംഗം വി പി മുജീബിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയിലെ വെള്ളിനേഴി രാമദാസിന്റേയും ലതയുടേയും മക്കളാണ് വേദനകൊണ്ട് കരഞ്ഞ് കണ്ണുനീര്‍ വറ്റി ജീവിക്കുന്നത്. ഏഴും പതിമൂന്നും വയസ് പ്രായമായ രണ്ട് കുരുന്നുകളുടേയും ചികിത്സക്കുവേണ്ടി യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഈ കുരുന്നുകളുടെ ദുരിതത്തെക്കുറിച്ച് സിറാജ് വാര്‍ത്ത ചെയ്തിരുന്നു.
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സൗജന്യമായി അക്യുപങ്ചര്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്. പുല്ലങ്കോട് ജി എച്ച് എസ് എസില്‍ ആറാംക്ലാസില്‍ പഠിക്കുന്ന ദേവികയുടെ കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് 80,000 രൂപ സമാഹരിച്ച് നല്‍കിയിരുന്നു. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഇ പത്മാക്ഷന്‍, പ്രധാനാധ്യാപിക കോമളവല്ലി, സ്‌കൂള്‍ ലീഡര്‍ ശില്‍പാജോബ്, അധ്യാപകരായ മുരളി, ജോസഫ്, സുരേഷ് ബാബു, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ഇന്നലെ കാളികാവ് ഗവ: ബസാര്‍ യു പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും ഈ കുരുന്നുകള്‍ക്ക് വസ്ത്രവും സാമ്പത്തിക സഹായവും നല്‍കി.
സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സുരേഷ്‌കുമാര്‍, പി ടി എ പ്രസിഡന്റ് പി സമീദ്, ഒ ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഇവരുടെ വീട്ടിലെത്തിയത്. അലോപതിയും, ഹോമിയോപതിയും, ആയുര്‍വേദവും പരീക്ഷിച്ചെങ്കിലും ഫലം കാണാത്തതും ചികിത്സാ ചിലവ് താങ്ങാനാവാത്തതും രക്ഷിതാക്കളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.