Connect with us

Gulf

മിനാ ഉണര്‍ന്നു; ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

|

Last Updated

മക്ക: “തമ്പുകളുടെ നഗരം” ഉണര്‍ന്നു. ഇന്നലെ രാത്രി മുതല്‍ തീര്‍ഥാടകര്‍ മിനായില്‍ എത്തിത്തുടങ്ങി. പ്രവാചകരുടെ പാദപതനമേറ്റ് അനുഗൃഹീതമായ മിനാ താഴ്‌വര ഇന്നുതൊട്ട് തീര്‍ഥാടക ലക്ഷങ്ങളുടെ പ്രാര്‍ഥനകളാല്‍ മുഖരിതമാകും. താഴ്‌വരയിലെ മസ്ജിദ് ഖൈഫും പരിസരവും രാത്രി മുതല്‍ തന്നെ ഹാജിമാര്‍ കൈയടക്കിക്കഴിഞ്ഞു. തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മക്കാ ഗവര്‍ണറും ആഭ്യന്തര, മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രിമാരും കഴിഞ്ഞ ദിവസം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
മിനായിലെ തമ്പുകളും ജംറകളും മശായിര്‍ മെട്രോയും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമായതായി മുനിസിപ്പല്‍ വകുപ്പ് മന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍ പറഞ്ഞു. മക്കയിലും പുണ്യ സ്ഥലങ്ങളിലുമായി പരിസ്ഥിതി ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്കായി 23,000 ജോലിക്കാരെ നിയമിച്ചതായും മന്ത്രി അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകരടക്കം ബഹുഭൂരിഭാഗം ഹാജിമാരും മിനായിലെ തമ്പുകളിലെത്തിച്ചേര്‍ന്നു. റിയാദ്, ദമാം തുടങ്ങി രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളില്‍ നിന്നുള്ള തീര്‍ഥാടകരടക്കം അവശേഷിക്കുന്നവര്‍ ഇന്ന് വൈകുന്നേരത്തോടെ എത്തിച്ചേരും.
ഈ സീസണിലെ ഏറ്റവും നല്ല കാലാവസ്ഥയാണ് മക്കയിലും മിനായിലും അനുഭവപ്പെടുന്നത്. ഇടക്കു പെയ്യുന്ന ചാറ്റല്‍ മഴയും തണുത്ത കാറ്റും തീര്‍ഥാടകരെ ആനന്ദിപ്പിക്കുന്നു. പ്രായം ചെന്ന തീര്‍ഥാടകര്‍ക്ക് അനുഗൃഹീതമാണ് നിലവിലെ കാലാവസ്ഥ. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും അറഫയില്‍ സജ്ജീകരിച്ച തമ്പുകളും കാര്‍പറ്റുകളും പകുതിയിലേറെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മണിക്കൂറുകളില്‍ അവ ശരിപ്പെടുത്തുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികള്‍ നടത്തുന്നത്.
ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫായിലെ താമസം നാളെയാണ്. അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ മനസ്സും ശരീരവും പാകപ്പെടുത്തിയാണ് തീര്‍ഥാടകര്‍ മിനായില്‍ കഴിച്ചുകൂട്ടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്ന നിര്‍വൃതിയിലാണ് ഹാജിമാര്‍. നാളെ പുലരുന്നതും കാത്ത് ദിക്‌റിലും സ്വലാത്തിലും പ്രാര്‍ഥനകളിലും മുഴുകിയിരിക്കുകയാണവര്‍. നാളെ കിഴക്ക് വെളിച്ചം പരക്കുന്നതോടെ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.