Connect with us

Articles

നഷ്ടം വിതക്കുന്നത് സ്വകാര്യലോബിയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍

Published

|

Last Updated

വാഹനനിയമം ലംഘിക്കുന്നവരുടെ മുന്നില്‍ പുലിയായി അവതരിക്കുന്ന ഋഷിരാജ് സിംഗ് സര്‍ക്കാറിന് കോടികളുടെ വരുമാനമുണ്ടാക്കിയതിന് പുറമെ കെ എസ് ആര്‍ ടി സിക്കും രക്ഷകനായി. അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ശേഷം പിഴയിനത്തില്‍ മാസം ഒരു കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തിക്കുന്നത്. വാഹന നിയമം ലംഘിക്കുന്നവര്‍ മാത്രമല്ല വകുപ്പിലെ ഉദ്യോഗസ്ഥരും ഋഷിരാജ് സിംഗിന്റെ കണ്ണുരുട്ടലില്‍ പേടിക്കുന്നത് കെ എസ് ആര്‍ ടി സിക്ക് ഗുണകരമാകുകയാണ്.
കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നഷ്ടത്തിലാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതേ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ്. ഷെഡ്യൂകള്‍ തെറ്റിച്ചും അട്ടിമറിച്ചും സമയക്രമം തെറ്റിച്ചും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സാമാന്യം നല്ല കലക്ഷന്‍ നേടുമ്പോള്‍ കെ എസ് ആര്‍ ടി സി ശേഷിയുടെ പകുതിപോലും യാത്രക്കാരില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. ബസ് ഓടിക്കാന്‍ ആവശ്യമായ തുക പോലും ലഭിക്കാതെ സര്‍വീസ് നടത്തുന്ന 1700 ബസ് സര്‍വീസുകള്‍ സംസ്ഥാനത്തുണ്ട്. ദേശസാത്കൃത റൂട്ടില്‍ ഉള്‍പ്പെടെ കെ എസ് ആര്‍ ടി സി ബസ് നഷ്ടത്തിലായാല്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കാത്തതും സ്വകാര്യലോബിയെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകളുമൊക്കെയാണ് ഇതിന് കാരണം.
കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ക്ക് മുന്നിലും പിന്നിലുമായി “സര്‍ക്കസ്” കളിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പരാതി നല്‍കാന്‍ കെ എസ് ആര്‍ ടി സിയോ പരാതി നല്‍കിയാല്‍ പരിഹാരം കാണാന്‍ ഗതാഗത വകുപ്പ് അധികൃതരോ തയ്യാറാകാറില്ല. എന്നാല്‍ ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റതിന് ശേഷം കെ എസ് ആര്‍ ടി സിയുടെ ഇത്തരം പരാതികള്‍ക്ക് പരിഹാരം കണ്ടു തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസ് സര്‍വീസുകളുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സിയില്‍ നിന്ന് ലഭിച്ച മുപ്പതോളം പരാതികള്‍ക്ക് അടുത്തിടെ പരിഹാരം കാണാനായി. ഓരോ മേഖല കേന്ദ്രീകരിച്ചും ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയതിനാല്‍ ഇനി കെ എസ് ആര്‍ ടി സി അധികൃതരാണ് ജാഗ്രത കാണിക്കേണ്ടത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കാലത്തെങ്കിലും റൂട്ടുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി അധികതര്‍ ജാഗ്രത കാണിച്ചാല്‍ വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ ലാഭക്കണക്കുകള്‍ രേഖപ്പെടുത്താനാകുമെന്നുറപ്പാണ്.
പൊതുവെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന വിഷയങ്ങളില്‍ അധികൃതര്‍ കാണിച്ച അലംഭാവവും തീരുമാനമെടുക്കുന്നതിലെ കാലതാമസവും വലിയൊരളവോളം കെ എസ് ആര്‍ ടി സിയെ ബാധിച്ചിട്ടുണ്ട്. മറ്റു ഉപഭോക്താക്കള്‍ക്ക് മാസം 50 പൈസ വീതം കൂടുമ്പോള്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് കൂടില്ലെന്നും ഒരു വര്‍ഷം കൊണ്ട് ഇരുവിഭാഗത്തിനും ഡീസല്‍വില തുല്യമാകുമെന്നുമായിരുന്നു പ്രചാരണം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ പോലും വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്നാല്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വിലയെ അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുമായി ബന്ധിപ്പിച്ച കാര്യം കെ എസ് ആര്‍ ടി സി അറിയുന്നത് വൈകി മാത്രമായിരുന്നു. അറിയാന്‍ വൈകിയ അധികൃതര്‍ പിന്നീട് വിവേകത്തോടെ തീരുമാനമെടുക്കാന്‍ വല്ലാതെ വൈകുകയും ചെയ്തു.
കെ എസ് ആര്‍ ടി സിക്കു നല്‍കുന്ന ഡീസലിന്റെ നികുതി എടുത്തുകളയുകയോ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറക്കുന്നതിന് അനുമതി നല്‍കുകയോ ചെയ്യണമെന്ന നിര്‍ദേശം വിവിധ കോണുകളില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്ന് വന്നതാണ്. ഡീസലിന്റെ നികുതി എടുത്തുകളയുക അത്ര എളുപ്പത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ സപ്ലൈകോയുടെ പമ്പുകളില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍ നിന്നോ ഡീസല്‍ അടിക്കുക എന്നുള്ളതായിരുന്നു സര്‍ക്കാറിന് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള എളുപ്പവഴി. എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഏറെ കാത്തിരുന്നു.
കോഴിക്കോട് ഡിപ്പോ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിലെ ബസുകള്‍ സപ്ലൈകോയുടെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. സബ്‌സിഡി എടുത്തു കളഞ്ഞ തീരുമാനം ഈ ഡിപ്പോകളെ ബാധിച്ചിട്ടില്ല എന്നതിനാല്‍ ഈ സംവിധാനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് യൂനിയനുകള്‍ പോലും നിര്‍ദേശമായി മുന്നോട്ട് വെച്ചിരുന്നു.
വ്യവസ്ഥകള്‍ക്ക് വിധേയമായി കെ എസ് ആര്‍ ടി സിക്കു ഡീസല്‍ നല്‍കാമെന്ന് സിവില്‍ സപ്ലൈസ് വകുപ്പും സ്വകാര്യ പമ്പ് ഉടമകളുടെ സംഘടനകളും വ്യക്തമാക്കിയിരുന്നു. ആറ് ജില്ലകളിലാണ് നിലവില്‍ സപ്ലൈകോക്ക് പമ്പുകള്‍ ഉള്ളത്. ഈ ജില്ലകളില്‍ സപ്ലൈകോയുമായും മറ്റു ജില്ലകളില്‍ സ്വകാര്യ പമ്പുകളുമായും ധാരണയുണ്ടാക്കി പ്രതിസന്ധി മറികടക്കാമെന്ന നിര്‍ദേശം ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ മാസങ്ങളെടുത്തു.
അവസാനം ഈ പമ്പുകളെ ആശ്രയിക്കാന്‍ തീരുമാനമെടുത്തപ്പോഴേക്കും ലിറ്ററിന് 11.50 അധികം നല്‍കിയ ഇനത്തില്‍ കെ എസ് ആര്‍ ടി സിക്ക് കോടികളുടെ ബാധ്യത പഴയ കണക്കിനൊപ്പം ചേര്‍ക്കേണ്ടി വന്നു. ഇത്തരത്തില്‍ മാനേജ്‌മെന്റില്‍ സംഭവിക്കുന്ന നിരന്തരമായ പിഴവുകള്‍ പരിഹരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിന് യോജിച്ച ബസുകള്‍ വാങ്ങണമെന്ന ട്രേഡ് യൂനിയന്‍ നിര്‍ദേശങ്ങള്‍ പോലും എല്ലാ സര്‍ക്കാറുകളുടെ കാലത്തും അവഗണിക്കപ്പെട്ടു. എല്ലാ അവഗണനകളും പേറി പിന്നെ ഈ ആനവണ്ടി എങ്ങോട്ടോടും?
(തുടരും)

---- facebook comment plugin here -----

Latest