Connect with us

Kerala

സച്ചാര്‍ റിപ്പോര്‍ട്ട് മുസ്‌ലിം സമുദായം വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ല: കെ റഹ്മാന്‍ഖാന്‍

Published

|

Last Updated

കൊച്ചി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരമാര്‍ശങ്ങള്‍ മുസ്‌ലിം സമുദായം വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ റഹ്മാന്‍ഖാന്‍. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പി എം ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കൊപ്പം സമുദായ സംഘടനകളുടെയും വ്യക്തികളുടെയും സഹകരിച്ചുള്ള നീക്കത്തിലൂടെ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന് റഹ്മാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിപുലമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
ഒരു കോടിയിലധികം കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം സഹായങ്ങള്‍കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. അതിന് സമുദായത്തില്‍ നിന്നുതന്നെ സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. പി എം ഫൗണ്ടേഷന്‍ പോലുള്ള സംരംഭങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സംവിധാനങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നാല്‍ ന്യൂനപക്ഷവും ഇതര മുന്നോക്ക ജനവിഭാഗങ്ങളും തമ്മിലെ വിടവ് വലിയൊരളവില്‍ നികത്താനാകുമെന്നും മന്ത്രി പറഞ്ഞു. പി എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ജി വിജയരാഘവനുണ്ണി, ജസ്റ്റിസ് ഫാത്വിമ ബീവി എന്നിവര്‍ സംബന്ധിച്ചു.