Connect with us

Kerala

കണ്ണൂരില്‍ നിന്ന് കണ്ടെടുക്കുന്നത് ഉഗ്രശേഷിയുള്ള ബോംബുകള്‍

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരിലെ പാനൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലടക്കം കണ്ടെടുത്ത ബോംബുകള്‍ അത്യുഗ്രശേഷിയുള്ളവയാണെന്ന് വ്യക്തമായി. മുന്‍കാലങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട ബോംബുകളുടെതിനു സമാന ശേഷിയുള്ളവ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്ത ബോംബുകളെന്ന് ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാനൂര്‍ പാറാട് നിന്നും കൂത്തുപറമ്പ് ആമ്പിലാട്ടു നിന്നും കണ്ടെത്തിയ ബോംബുകളും സ്റ്റീല്‍ ബോബുകളുമെല്ലാം ഇത്തരത്തില്‍ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. വെടിമരുന്നിനൊപ്പം ആണിയും കുപ്പിച്ചില്ലും പോലുള്ളവ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ബോംബുകള്‍ നിര്‍മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. 50 മുതല്‍ 100 വരെ ഗ്രാം തുരുമ്പിച്ച ആണികളും മറ്റുമാണ് ബോംബുനിര്‍മാണത്തിനായി ഉപയോഗിക്കാറുള്ളത്.
ബോംബ് പൊട്ടിത്തെറിച്ചാല്‍ അര കിലോമീറ്റര്‍ വരെയുള്ള ഭാഗങ്ങളിലേക്ക് സ്‌ഫോടനത്തിന്റെ പ്രതിഫലനം ഉണ്ടാകും. പ്രതിയോഗികളുടെ ശരീരത്തിലേക്ക് ആണിയും മറ്റും തുളച്ചുകയറി അവര്‍ക്ക് മാരക പരുക്ക് ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തിലുള്ളവയാണ് ഇത്തരം ബോംബുകളെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ഉണങ്ങാത്ത വ്രണം സൃഷ്ടിക്കാനുതകുന്ന ആഴ്‌സനിക് പോലുള്ള രാസവസ്തുക്കള്‍ ബോംബു നിര്‍മാണത്തിനുപയോഗിക്കാറുണ്ടെങ്കിലും പോലീസിന്റെ കര്‍ശന നിരീക്ഷണത്തെ തുടര്‍ന്ന് ഇത്തരം സാമഗ്രികള്‍ നിര്‍മാണ കേന്ദ്രങ്ങളിലേക്ക് അക്രമികള്‍ക്ക് എത്തിക്കാന്‍ കഴിയാറില്ലെന്ന് കണക്കാക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴും ബോംബ് നിര്‍മാണത്തിനാവശ്യമായ വെടിമരുന്നും മറ്റും എവിടെ നിന്നാണ് ലഭിക്കുന്നതെന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണമുണ്ടാകാറില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നിന്ന് പിടികൂടിയ ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനും പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ബോംബ് പൊട്ടിച്ച് നിര്‍വീര്യമാക്കുമ്പോഴാണ് ഇതിന്റെ ഉഗ്രശേഷിയെക്കുറിച്ച് പോലീസിന് കൃത്യമായി മനസ്സിലാക്കാനായത്.
ഏറെക്കാലമായി ബോംബ് സ്‌ഫോടനങ്ങളോ അനിഷ്ട സംഭവങ്ങളോ കാര്യമായി ഉണ്ടാകാത്ത കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ വീണ്ടും ബോംബ് നിര്‍മാണം സജീവമായതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുള്ളത്. 2008 നവംബര്‍ 13നാണ് സംസ്ഥാനത്ത് അന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബോംബ് ശേഖരം പോലീസ് കണ്ടെടുത്തത്.
വടക്കെ പൊയിലൂരിലെ മയിലാടിക്കുന്നില്‍ നിന്ന് 125 നാടന്‍ ബോംബുകളാണ് പിടികൂടിയിരുന്നത്. പിന്നീട് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ വര്‍ഷങ്ങളിലും പോലീസന്റെ പരിശോധന വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ന്നതോടെ ബോംബ് നിര്‍മാണവും സ്‌ഫോടനവുമെല്ലാം തീര്‍ത്തും ഇല്ലാതാകുകയും ചെയ്തു.
തുടര്‍പരിശോധനകളും മറ്റും നിലച്ചതോടെയാണ് വീണ്ടും ബോംബ് നിര്‍മാണം സജീവമായതെന്നാണ് സൂചന. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അതേസമയം ബോംബ് നിര്‍മാണത്തിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest