Connect with us

Kerala

രാജി വാര്‍ത്ത നിഷേധിക്കാതെ കെ എ ചന്ദ്രന്‍

Published

|

Last Updated

പയ്യന്നൂര്‍: ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചെന്ന വാര്‍ത്ത നിഷേധിക്കാതെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ എ ചന്ദ്രന്‍. അതേ സമയം പ്രസിഡന്റിന്റെ രാജി സ്വീകരിക്കാനും സാധ്യത.
രണ്ട് ദിവസം മുമ്പാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ച് കെ എ ചന്ദ്രന്‍ മന്ത്രി വി എസ് ശിവകുമാറിന് കത്ത് നല്‍കിയത്. എന്നാല്‍ രാജിക്കാര്യം രഹസ്യമാക്കിവെച്ച് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും രാജി സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും അറിയുന്നു.
മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ (ഐ എന്‍ ടി യു സി) യുടെ സമര്‍ദം മൂലമാണ് പ്രസിഡന്റ്‌രാജിവെച്ചതെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ പറഞ്ഞു.
കഴിവ്‌കേട് കൊണ്ടാണ് പ്രസിഡന്റ് രാജിവെച്ചതെന്നും ഓണത്തിന് മുമ്പ് ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാന്‍ പറ്റാത്തതിലെ ജാള്യമാണ് രാജിയിലേക്ക് പ്രേരിപ്പിച്ചതെന്നും ഐ എന്‍ ടി യു സി അറിയിച്ചു.
പ്രസിഡന്റിന്റെ രാജിയോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ബോര്‍ഡംഗങ്ങളുടെ അഭിപ്രായവ്യത്യാസം കാരണം ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് രണ്ട് മാസത്തോളമായി. സമരം ചെയ്ത ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവസാനം നടന്ന ബോര്‍ഡ് യോഗം ബഹളത്തില്‍ കലാശിച്ചിരുന്നു. അതേ സമയം പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ദേവസ്വം കമ്മീഷണര്‍ അവധി എടുത്തിരിക്കുന്നതും പ്രശ്‌നം വഷളാക്കിയിരിക്കുകയാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ പരാതിപ്പെടുന്നു.
രണ്ട് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. ഒരു വര്‍ഷം തികയുന്നതിനു മുമ്പെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമായ രീതിയില്‍ ചര്‍ച്ചയായതോടെ കെ എ ചന്ദ്രന്റെ രാജി സ്വീകരിക്കുവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ബോര്‍ഡില്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായതോടെ രാജിക്കാര്യത്തില്‍ പ്രസിഡന്റ് കെ എ ചന്ദ്രന്‍ ഉറച്ച നിലപാടിലാണെന്നും അറിയുന്നു.

Latest