Connect with us

Kerala

വ്യാജരേഖ: ബിജു രാധാകൃഷ്ണനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊല്ലം: ആദ്യ ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കുന്നതിന് ബിജു രാധാകൃഷ്ണന്‍ വ്യാജരേഖകള്‍ തയാറാക്കിയ കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രശ്മി വധവുമായി ബന്ധപ്പെട്ട് 2010ല്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ വ്യാജരേഖ ഹാജരാക്കിയാണ് കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ജാമ്യത്തിനായി സമര്‍പ്പിച്ച രേഖകളില്‍ വിതുര അട്ടക്കുളങ്ങരയിലുള്ള ഭൂമിയുടെ രേഖകളും ഉള്‍പ്പെട്ടിരുന്നു. ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം പരിശോധിച്ചശേഷം കോടതി അന്വേഷണത്തിന് കൊട്ടാരക്കര പോലീസിനെ ചുമതലപ്പെടുത്തി ഉത്തരവിട്ടു. രശ്മി വധക്കേസിന്റെ വിചാരണ കൊല്ലം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത 27നാണ് ബിജു രാധാകൃഷ്ണനെ ഇനി കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കുക. രണ്ടാം പ്രതിയായ മാതാവ് രാജമ്മാള്‍ കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.