Connect with us

Editorial

അന്വേഷണം ശരിയായ ദിശയില്‍ തുടരണം

Published

|

Last Updated

സോളാര്‍ കേസിലെ ഏറ്റവും പുതിയ കോടതി നിലപാട് പ്രതിസന്ധികളില്‍ ഉഴലുന്ന യു ഡി എഫ് രാഷ്ട്രീയത്തെ ആറിത്തണുപ്പിക്കുന്നതാണ്. പ്രതി സരിത എസ് നായരുമായി ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുന്നതിനു കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരെ മുഖ്യമന്ത്രി പ്രേരിപ്പിച്ചതിനു തെളിവില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സര്‍ക്കാറിനു മാത്രമല്ല, വ്യക്തിപരമായി ഉമ്മന്‍ ചാണ്ടിക്കും ആശ്വാസം പകരുന്നതാണ്. കേസിലെ അന്തിമ വിധി ആരെ പ്രതിക്കൂട്ടിലാക്കുമെന്നത് വ്യവഹാരത്തിന്റെ മെറിറ്റനുസരിച്ച് നിര്‍ണയിക്കപ്പെടുമെങ്കിലും അതുവരെ തത്കാലം ഉമ്മന്‍ ചാണ്ടിക്ക് പിടിച്ചുനില്‍ക്കാനാകും.
സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടെന്നതിനു തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഉത്തരവ്. സോളാര്‍ ടീമിനെപ്പറ്റി മുഖ്യമന്ത്രി സംസാരിച്ചെങ്കില്‍ തന്നെ വിശ്വാസവഞ്ചനാ കുറ്റം ആരോപിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലും ക്രിമിനല്‍ നടപടിക്രമത്തിലെ 164-ാം വകുപ്പ് പ്രകാരം പത്തനംതിട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും വൈരുധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഹൈക്കോടതി നിരാകരിച്ചത്. ലഭ്യമായ രേഖകളുടെയും മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാറിന് പിടിവള്ളിയായേക്കാവുന്ന ചില പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. എന്നാല്‍ അന്വേഷണം തുടരുമെന്നതിനാല്‍ അന്തിമ വിധിക്കു ശേഷം മാത്രമേ ഭരണ നേതൃത്വത്തിന്റെ പങ്കിന്റെ ആഴം വ്യക്തമാകുകയുള്ളൂ.
ടീം സോളാറിനൊപ്പം ബിസിനസ് നടത്തുന്നതിന് മുഖ്യമന്ത്രി പ്രേരിപ്പിച്ചെന്നു കരുതിയാല്‍ തന്നെ ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരമുള്ള വിശ്വാസവഞ്ചനയാണെന്നു പറയാനാകില്ലെന്ന നിരീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് കോടതി സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അഭിപ്രായപ്പെട്ടത്. മാത്രമല്ല, മറ്റു സാഹചര്യത്തെളിവുകള്‍ സരിത മുഖ്യമന്ത്രിയുമായി ഒരു തവണ ചര്‍ച്ച നടത്തിതായി വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ സി സി ടി വി കാണണമെന്ന ആവശ്യം നിരാകരിക്കുമ്പോഴും പ്രത്യേക അന്വേഷണ സംഘത്തിനു കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആവശ്യമെങ്കില്‍ രേഖകളും ഉപകരണങ്ങളും പിടിച്ചെടുക്കാമെന്നും നീതിപൂര്‍വകമായ അന്വേഷണത്തിന്റെ ഭാഗമായി ആരെയും ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സോളാര്‍ ടീമുമായി മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ ഓഫീസിലെ ചിലരും ബന്ധപ്പെട്ടതിന് തെളിവുകള്‍ ദൃശ്യമാധ്യമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവിട്ടതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയവും ഘടക കക്ഷികളുടെ വരിഞ്ഞുമുറുക്കലും കൂടിയായതോടെയാണ് പ്രതിപക്ഷത്തിന് ഓര്‍ക്കാപ്പുറത്ത് ആയുധം വീണുകിട്ടിയത്. ഗ്രൂപ്പ് മേധാവിത്വത്തിന് കണക്ക് പറയാന്‍ കാത്തിരുന്നവര്‍ക്ക് അവസരം തുറന്നതും.
എന്നാല്‍ കോടതി പരാമര്‍ശം പിടിവള്ളിയാണെങ്കിലും വരികള്‍ക്കിടയില്‍ തട്ടിപ്പിലെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് വിരല്‍ ചൂണ്ടുന്നുണ്ട്. ഓരോ തട്ടിപ്പി ന്റെയും ചുരുളഴിയുമ്പോള്‍ ഭരണത്തണല്‍ തന്നെയാണ് പ്രകടമാകുന്നത്. തട്ടിപ്പിനും വെട്ടിപ്പിനും വേദിയൊരുക്കാനും ഗുണ്ടകളെ ഭരണത്തണലില്‍ തീറ്റിപ്പോറ്റാനും മത്സരിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പിടിക്കപ്പെടുമ്പോള്‍ മാത്രം പുറത്തറിയുന്ന ചില തട്ടിപ്പുകളാണ് എല്ലാവരും ഏറ്റുപിടിക്കുന്നത്. തട്ടിപ്പുകളില്‍ പെണ്‍ സാന്നിധ്യമുണ്ടെങ്കില്‍ ചില മാധ്യമങ്ങള്‍ക്കും ഇഷ്ട വിഷയമായി. അഴിമതിക്കും തട്ടിപ്പിനും ഇടം കൊടുക്കാത്ത രാഷ്ട്രീയ നേതാവിനെ അനുയായികള്‍ക്കും വേണ്ടാതായിരിക്കുന്നു. വാഗ്ദാനങ്ങള്‍ ചൊരിഞ്ഞും പ്രലോഭിപ്പിച്ചും നടക്കുന്ന തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ മീഡിയയും തട്ടിപ്പുകാരെ അഴിക്കുള്ളിലാക്കാന്‍ നിയപാലകരും ജാഗ്രത്താകേണ്ടതുണ്ട്. കേസില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അന്വേഷണ സംഘത്തിനും ഇവര്‍ക്ക് ഊര്‍ജം പകരുംവിധം പിന്തുണ ഉറപ്പാക്കാന്‍ ഭരണകൂടത്തിനും കഴിയണം.

Latest