Connect with us

Gulf

ഈദ് ആഘോഷം: എല്ലാ വഴികളും ദുബൈയിലേക്ക്

Published

|

Last Updated

ദുബൈ: നഗരം ഈദിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി ഒരുങ്ങി നില്‍ക്കെ എല്ലാ വഴികളും ദുബൈയിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈദ് ആഘോഷം കൊഴുപ്പിക്കാന്‍ ആളുകള്‍ ദുബൈയിലേക്ക് ഒഴുകുന്നത്. പല ജി സി സി രാജ്യങ്ങളിലും വെള്ളിയാഴ്ച മുതല്‍ ഈദ് അവധി ആരംഭിച്ചതിനാല്‍ വ്യാഴാഴ്ച രാത്രി മുതല്‍ നഗരത്തിലേക്ക് ജനം പ്രവഹിച്ചു തുടങ്ങിയിട്ടുണ്ട്.

ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തികള്‍ ഏറെക്കുറെ മാഞ്ഞിരിക്കുന്നതും സഞ്ചാരികളായി എത്തുന്നവര്‍ക്ക് അനുഗ്രഹമാകുന്നുണ്ട്. രാജ്യത്തും ഈദ് പ്രമാണിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആഴ്ച അവധി ഉള്‍പ്പെടെ ഒമ്പത് ദിനങ്ങള്‍ അവധിയുള്ളതും ആഘോഷങ്ങള്‍ ഇക്കൊല്ലവും കെങ്കേമമാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ദുബൈയുടെ ഈദ് ആഘോഷങ്ങളിലേക്ക് ഈ വര്‍ഷത്തെ ഗ്ലോബല്‍ വില്ലേജും ജൈറ്റക്‌സ് പ്രദര്‍ശനങ്ങളുമെല്ലാം മിഴിവേകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇപ്പോള്‍ തന്നെ നഗരത്തിലെ ഹോട്ടലുകളിലെല്ലാം ബുക്കിംഗ് അവസാനിച്ച മട്ടാണ്. ഒട്ടുമിക്ക ഇടങ്ങളിലും സഞ്ചാരികളായി എത്തുന്നവര്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കാത്ത സ്ഥിതിയാണ്.
ഈദ് പ്രമാണിച്ച് നഗരത്തില്‍ ആഘോഷം കെങ്കേമമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ യൂറോപ്പില്‍ നിന്നും ധാരാളം വിനോദ സഞ്ചാരികള്‍ നഗരത്തിലേക്ക് ഒഴുകുന്നുണ്ട്. ലോകോത്തര ഷോപ്പിംഗ് നഗരമെന്ന ഖ്യാതിയും മികച്ച വിലക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാണെന്നതും യൂറോപ്പില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് ആകര്‍ഷകമായിരിക്കുകയാണ്.
ആദ്യമായാണ് ദുബൈയില്‍ എത്തുന്നത് എന്ന് സ്‌പെയിന്‍ സ്വദേശിയായ സാമുവല്‍ മച്ചിന്‍ വ്യക്തമാക്കി. കേട്ടറിഞ്ഞതിനെക്കാള്‍ മനോഹരമാണ് ഈ നഗരം. കുവൈത്തില്‍ സന്ദര്‍ശനം നടത്തി എത്തിയ ഇദ്ദേഹം ഭാര്യ ഫെയ്‌നക്കൊപ്പമാണ് നഗരത്തില്‍ എത്തിയിരിക്കുന്നത്. ഇരുവരും വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്‌റ്റേഷനു പുറത്തെത്തി ഭൂപടം പരിശോധിച്ച് നഗരത്തില്‍ കാണേണ്ട ഇടങ്ങള്‍ എവിടെയെല്ലാമാണെന്ന് പരതവേയാണ് നഗരത്തെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയത്. ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കണം, ഡെസേര്‍ട്ട് സഫാരിയും നടത്തണമെന്നുണ്ട്. നഗരത്തിലെ വാട്ടര്‍ പാര്‍ക്കുകളും മാളുകളും സന്ദര്‍ശിക്കാതെ തിരിച്ചുപോകില്ലെന്നും ട്രാഫിക് കണ്‍ട്രോള്‍ ഇന്‍സ്റ്റാലേഷന്‍ എഞ്ചിനീയറായ ഇദ്ദേഹം മനസ് തുറന്നു.
വിദേശങ്ങളില്‍ ഒഴിവുദിനം ചെലവഴിക്കാന്‍ പോകുന്ന സ്വദേശികളാലും നാട്ടിലെ ഉറ്റവര്‍ക്കരികിലേക്ക് പോകാന്‍ തിടുക്കപ്പെടുന്ന പ്രവാസികളാലും എയര്‍പോര്‍ട്ടും പരിസരത്തെ റോഡുകളും തിരക്കിലായിരുന്നു.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മുതല്‍ ഒമ്പത് വരെ കനത്ത തിരക്കായിരുന്നു എയര്‍പോര്‍ട്ടിലേക്കുള്ള എല്ലാ വഴികളിലുമെന്ന് ടാക്‌സി െ്രെഡവറായ ജാവേദ് വ്യക്തമാക്കി.
ഈദ് പ്രമാണിച്ച് പല മാളുകളും ദീര്‍ഘനേരം തുറന്നു പ്രവര്‍ത്തിക്കുമെന്നത് നഗരത്തില്‍ പുലരുവോളം ആളും ബഹളവും തുടരാന്‍ ഇടയാക്കുന്നുണ്ട്.
ദുബൈ മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഒയാസിസ് സെന്റര്‍, അറേബ്യന്‍ സെന്റര്‍, ലാംസി പ്ലാസ തുടങ്ങിയ പ്രമുഖ മാളുകളെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയില്‍ ഉള്‍പ്പെടും.