Connect with us

Gulf

മെര്‍ക്കുറി തെര്‍മോമീറ്ററുകള്‍ രാജ്യത്ത് പിന്‍വലിച്ചേക്കും

Published

|

Last Updated

അബുദാബി: ആരോഗ്യത്തിന് ഏറെ അപകടകരമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയ മെര്‍ക്കുറി ഉപയോഗിക്കുന്ന തെര്‍മോമീറ്ററുകളും രക്തസമ്മര്‍ദവും അളക്കുന്ന ഉപകരണങ്ങളും രാജ്യത്ത് നിന്ന് പിന്‍വലിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പരിപാലനം അപകടം വരുത്താതെ എന്ന കാമ്പയിന്റെ ഭാഗമായാണ് 2020 ആവുമ്പോഴേക്കും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ആഗോളതലത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. യുവാക്കളില്‍ തലച്ചോറിനും ഞരമ്പുകള്‍ക്കും ഹാനിവരുത്താന്‍ മെര്‍ക്കുറിയും ഇവയുടെ അനുബന്ധ വസ്തുക്കളും ഉപയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കാരണമാവുന്നതായി ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇത് വൃക്കക്കും ദഹനപ്രക്രിയക്കും ദോഷകരമാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ 2020 ഓടെ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട മിനമാട്ട കണ്‍വെന്‍ഷന്‍ ഏതാനും രാജ്യങ്ങള്‍ക്ക് ചില പ്രത്യേക കാരണങ്ങളാല്‍ 2030 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 2020 ആവുമ്പോഴേക്കും മെര്‍ക്കുറി ഉപയോഗിച്ചുള്ള ടെര്‍മോമീറ്ററും രക്തസമ്മര്‍ദം അളക്കുന്ന മെഡിക്കല്‍ ഉപതകരണങ്ങളുടെയും ഉത്പാദനം നിര്‍ത്താനും സംഘടന അംഗ രാജ്യങ്ങളോട് കണ്‍വെന്‍ഷന്റെ ഭാഗമായി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ മെര്‍ക്കുറിയുടെ മാരകമായ പ്രഹരശേഷിയില്‍ നിന്ന് സുരക്ഷ ലക്ഷ്യമാക്കിയാണ് ഇത്തരം ഒരു പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍ വ്യക്താക്കി. ലോകത്ത് പൊതുജനാരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്ന 10 രാസ പദാര്‍ഥങ്ങളില്‍ ഒന്നാണ് ഇത്. ബുദ്ധിമാന്ദ്യം ഉള്‍പ്പെടെയുള്ളവക്ക് ബുദ്ധിമാന്ദ്യം കാരണമാവുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതേസമയം മെര്‍ക്കുറി അധികം വൈകാതെ രാജ്യത്ത് നിരോധിക്കുന്നതിനെ തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്തു. കുട്ടികളെയും പ്രായമായവരെയും മെര്‍ക്കുറിയുടെ ദൂഷ്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള മഹത്തായ ശ്രമമാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് നിരോധനത്തെ കുറിച്ച് അല്‍ ബത്തീന്‍ ക്ലിനിക്ക് ഫാമിലി മെഡിസിനിലെ ഡോ. വയല്‍ കറാമെഹ് അഭിപ്രായപ്പെട്ടു.

Latest