അനധികൃത സ്വത്ത് സമ്പാദനം: കെജിബിക്കെതിരെ തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: October 12, 2013 8:24 am | Last updated: October 12, 2013 at 8:24 am

kg-balakrishnanന്യൂഡല്‍ഹി:ജസ്റ്റിസ് കെജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സത്യവാങ്മൂലം ഈ മാസം 17 ന് കോടതി പരിഗണിക്കും. അനധികൃതമായ സ്വത്ത് സമ്പാദിച്ചിട്ടില്ലാത്തതിനാല്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജഡ്ജിയായിരുന്ന കാലത്തും അവിഹിതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണത്തിനും തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആദായനികുതിവകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കിയത്. കെജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കേ ഔദ്യോഗീക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി കോടികള്‍ സമ്പാദിച്ചതായാണ് ആരോപണം.