Connect with us

Malappuram

സംസ്ഥാന കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം

Published

|

Last Updated

വണ്ടൂര്‍: സ്വതന്ത്ര ഇന്ത്യ കണ്ട ശക്തമായ നിയമമായ വിവരാവകാശ നിയമം നിലവില്‍വന്നിട്ട് ഇന്ന് എട്ട് വര്‍ഷം തികയുന്നു. 2005 ഒക്ടോബര്‍ പന്ത്രണ്ടിന് നിലവില്‍ വന്നിട്ടും വിവരാവകാശ നിയമത്തെ കുറിച്ച് അജ്ഞരായവര്‍ ഏറെ. എട്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും നിയമ സംരക്ഷണത്തിന് പ്രധാന്യം നല്‍കേണ്ട സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിനെതിരെ രൂക്ഷമായ എതിര്‍പ്പുകളാണ് വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നുയരുന്നത്. നിലവില്‍ അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരാണ് കേരളത്തിലുള്ളത്. സിബി മാത്യു, ഗുണവര്‍ധന്‍, സോണിതെങ്ങമ്മം, ശശികുമാര്‍, കുര്യാസ് കുമ്പളക്കുഴി എന്നിവരാണ് സംസ്ഥാനത്തെ നിലവിലെ കമ്മീഷണര്‍മാര്‍. എന്നാല്‍ കേസുകള്‍ പരിഗണിക്കുന്ന കാര്യത്തിലും പരിഹരിക്കുന്ന കാര്യത്തിലും കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകളിലിരിക്കുന്ന വിവിധ ജഡ്ജിമാര്‍ ഓരോ ദിവസവും നൂറിലധികം വ്യത്യസ്ത നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് തീര്‍പ്പാക്കുന്നത്. ഇത്തരം കേസുകളില്‍ പത്തും ഇരുപതും പേജ് വിധിന്യായങ്ങള്‍ എഴുതുമ്പോള്‍ ഒരു നിയമം മാത്രം കൈകാര്യം ചെയ്യുന്ന സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാര്‍ ദിവസം പരമാവധി 34 കേസുകള്‍ക്ക് പോലും തീര്‍പ്പാക്കാനാകുന്നില്ല. ഈ മാസം ഏഴ് വരെ ഈ വര്‍ഷത്തില്‍ സംസ്ഥാനത്തെ വിവരാവകാശ കമ്മീഷണര്‍മാരും അവര്‍ കൈകാര്യം ചെയ്ത കേസുകളുടെ കണക്കുകള്‍ ഇങ്ങനെ.സിബി മാത്യു-22, ഗുണവര്‍ദ്ദന്‍-21, സോണി തെങ്ങമ്മം-19, ശശികുമാര്‍-12, കുര്യാസ് കുമ്പളക്കുഴി-17 അടക്കം ആകെ 91 കേസുകളാണുള്ളത്. ജീവന്‍ സുരക്ഷ സംബന്ധിച്ച് 48 മണിക്കൂറിനകം തീരുമാനിക്കേണ്ട അപേക്ഷയുടെ അപ്പീലുകള്‍ക്ക് പോലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തീര്‍പ്പായത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 7(1) പ്രകാരം ജീവന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ 48 മണിക്കൂറിനകം വിവരം നല്‍കണം.
ഇപ്രകാരമുള്ള അപേക്ഷക്ക് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയില്ലെങ്കില്‍ അടിയന്തര അപ്പീല്‍ സമര്‍പ്പിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് കമ്മീഷന്‍ ഹിയറിംഗിനെടുക്കുന്നതെന്ന് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ പറഞ്ഞു.