Connect with us

Malappuram

മണല്‍മാഫിയാ ബന്ധം; പോലീസുകാരന്റെ ബൈക്ക് കത്തിച്ചിട്ടും നടപടിയില്ല

Published

|

Last Updated

അരീക്കോട്: കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നത് പഴയ കഥ. ഡ്യൂട്ടിയിലുള്ള പോലീസുകാരന്റെ ബൈക്ക് പുഴയിലേക്ക് മറിച്ചിട്ടാലും പെട്രോളൊഴിച്ച് കത്തിച്ചാലും പ്രതികരണമില്ലാത്ത പോലീസിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. പോലീസ് സേനയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് ഏറക്കുറെ ദുര്‍ബ്ബലമായിരുന്ന അരീക്കോട്ടെ അനധികൃത മണല്‍ക്കടത്തു സംഘങ്ങള്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നത് പൊലീസ് സേനയുടെ ഒത്താശയോടെയെന്ന് ആരോപണം.
ലോക്കല്‍ പോലീസിന്റെ കേസന്വേഷണത്തിലെ ഉദാസീനതയില്‍ മനംമടുത്ത് എ.ആര്‍ കാമ്പിലെ പൊലീസുകാരന്‍ ഡ്യൂട്ടി മാറ്റം വാങ്ങിപോയത് ഈയിടെയാണ്. പ്രതികളുടെ പേരുള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഊര്‍ങ്ങാട്ടിരി മൈത്ര കടവില്‍ രാത്രി ഡ്യൂട്ടിക്കെത്തിയ എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ പള്‍സര്‍ ബൈക്ക് കത്തിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെയും നടപടി എടുക്കാത്തത് അനധികൃത മണലൂറ്റു സംഘത്തിന് കരുത്തു പകര്‍ന്നിരിക്കുകയാണ്.
രാത്രിയില്‍ കടവിലേക്കിറക്കാതെ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. പുലര്‍ച്ചയോടെ തീ ഉയരുന്നതുകണ്ട് ഓടിയെത്തി തീ അണക്കുകയായിരുന്നു. ബൈക്ക് പകുതിയും കത്തിയിരുന്നു.
പെട്രോള്‍ ഒഴിച്ച് കത്തിച്ചായിരുന്നു അരിശം തീര്‍ക്കല്‍. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനില്‍ നിന്നും പരാതി എഴുതി വാങ്ങുന്നതിനു പകരം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകെണ്ടെന്നായിരുന്നു ഉന്നതന്മാരുടെ ഉപദേശം. കഴിഞ്ഞ മാസം ഒമ്പതിനാണ് ഊര്‍ങ്ങാട്ടീരി പാവണ്ണയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ബൈക്ക് പുഴയിലേക്ക് തള്ളിയിട്ടത്. ഇതിനെതിരെയും നടപടിയില്ല.
മണല്‍ക്കൊള്ള തടയാന്‍ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.
ബിയര്‍ കുപ്പികൊണ്ട് കടവില്‍ നിയോഗിക്കുന്ന പോലീസുകാര്‍ക്കുനേരെ എറിഞ്ഞതും ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതും അടുത്ത കാലത്തുണ്ടായ സംഭവങ്ങളാണ്.

Latest