Connect with us

Kannur

മേലൂര്‍ കടവില്‍ നോക്കുകുത്തിയായി ഒരു പാലം

Published

|

Last Updated

തലശ്ശേരി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ പാലം നാട്ടുകാര്‍ക്ക് ഉപകാരമില്ലാതെ നോക്കുകുത്തിയായി കിടക്കുന്നു. അഞ്ചരക്കണ്ടി പുഴയുടെ കൈവഴിയായ മമ്മാക്കുന്നിലെ കുഞ്ഞിപ്പുഴയില്‍ 15.25 കോടി മുടക്കി നിര്‍മിച്ച മേലൂര്‍ കടവ് പാലമാണ് അപ്രോച്ച് റോഡില്ലാത്തതിനാല്‍ ഉപയോഗിക്കാനാകാതെ കിടക്കുന്നത്.
ധര്‍മ്മടം പഞ്ചായത്തിലെ മേലൂരിനെയും പിണറായി പഞ്ചായത്തിലെ പാറപ്രത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് മൂന്ന് വര്‍ഷം മുമ്പാണ് തറക്കല്ലിട്ടത്. 2013 മാര്‍ച്ച് മാസത്തോടെ പാലം പണി പൂര്‍ത്തിയായെങ്കിലും പാലത്തിലെത്താന്‍ റോഡില്ല. റോഡൊരുക്കാന്‍ സ്ഥലവുമില്ല. മേലൂര്‍ ഭാഗത്ത് 60 മീറ്ററും പാറപ്രം ഭാഗത്ത് 150 മീറ്ററും സ്ഥലമാണ് റോഡിന് വേണ്ടത്. ഇതുവരെ ഇത് റോഡിനായി വിട്ടുകിട്ടിയിട്ടില്ല. നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തര്‍ക്കം തീരാത്തതിനാല്‍ ഉടമകള്‍ സമ്മതം നല്‍കാത്തതാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ ഇരു പഞ്ചായത്തുകളിലും കൂടിയാലോചനകള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല. മേലൂര്‍ വടക്ക് ബസ് സ്റ്റോപ്പിനടുത്ത് നിന്നും ചെമ്മീന്‍ വയലിലൂടെ കടന്ന് പാറപ്രത്തെ കോയിപ്പറമ്പിലൂടെയാണ് അപ്രോച്ച് റോഡിന്റെ വഴി. ഇടയില്‍ ഇരുകരയിലുമായി വെള്ളമൊഴുകാന്‍ കലുങ്കുകള്‍ നിര്‍മിച്ചിട്ടുണ്ട്. ശേഷിച്ച ദൂരം മണ്ണിട്ട് ഉയര്‍ത്തിയാണ് അപ്രോച്ച് റോഡ് പണിയേണ്ടത്. പണി പൂര്‍ത്തിയായ പാലത്തിന് ഇരുവശത്തും മണ്ണിട്ട് നികത്തി വരികയാണ്. ഇതിന് മുകളിലൂടെയാണിപ്പോള്‍ ആളുകള്‍ വഴിനടക്കുന്നത്. ഇടക്ക് ഇരുചക്രവാഹനങ്ങളും സാഹസപ്പെട്ട് കടന്നുപോവും. കുഞ്ഞിപ്പുഴയില്‍ മൂന്ന് സ്പാനുകളിലായി തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന പാലത്തിന് 66 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. റോഡ് ഒരുക്കി പാലം നാടിനായി തുറന്ന് നല്‍കിയാല്‍ മേലൂര്‍ ഭാഗത്ത് നിന്ന് പെരളശ്ശേരി, അഞ്ചരക്കണ്ടി, ചക്കരക്കല്‍ ഭാഗങ്ങളിലേക്കും തിരികെ തലശ്ശേരിയിലേക്കുമുള്ള യാത്ര എളുപ്പമാവും. എന്നാല്‍ ഇതിനായി നാട് ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.

 

Latest