Connect with us

Kannur

കടലാക്രമണം; തീരദേശവാസികള്‍ ആശങ്കയില്‍

Published

|

Last Updated

കണ്ണൂര്‍: ജില്ലയില്‍ നാലിടങ്ങളില്‍ രൂക്ഷമായ കടലാക്രമണം. കണ്ണൂര്‍ തയ്യില്‍, മുഴപ്പിലങ്ങാട്, തലശ്ശേരി, പഴയങ്ങാടി എന്നീ മേഖലകളിലാണ് കടലാക്രണം രൂക്ഷമായത്. കടലാക്രമണത്തെ തുടര്‍ന്ന് മുഴപ്പിലങ്ങാട് അഴിമുഖത്ത് കെട്ടിയിട്ട ഫൈബര്‍ വള്ളം തകര്‍ന്നു. എ ഷക്കീറിന്റെ സമുദ്ര എന്ന ഫൈബര്‍ വള്ളമാണ് ഭാഗികമായി തകര്‍ന്നത്. ഇവിടെ കെട്ടിയിട്ട ഏതാനും വള്ളങ്ങളുടെ വലകളും നശിച്ചു. ഡ്രൈവ് ഇന്‍ ബിച്ചിനോടു ചേര്‍ന്നുള്ള സാഹസിക അക്കാദമി ഓഫീസിനു സമീപവും കടലാക്രമണം രൂക്ഷമാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നു മുതലാണ് ഈ മേഖലയില്‍ കടലാക്രമണം തുടങ്ങിയത്. സാഹസിക അക്കാദമി ഓഫീസ് പരിസരത്തെ കടല്‍ ഭിത്തി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇവിടെ തിരകള്‍ കരയിലേക്കു അടിച്ചു കയറുകയാണ്.
പുതിയങ്ങാടിയില്‍ പുതിയവളപ്പ് മേഖലകളില്‍ കടലാക്രമണം ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി. പത്തോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലുമാണ്. കോയിലേരിയന്‍ ഗോപാലന്‍, പൈതലേരിയന്‍ രഘു, കല്ലേന്‍ ഷാന്റി, മിനിയാടന്‍ ചന്ദ്രന്‍, കൊയിലേരിയന്‍ മാധവി, റീത്ത ദാസന്‍, സൂസമ്മ, കൊഞ്ജുഷ, പയനി ലക്ഷ്മി എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിലുള്ളത്. ഇടച്ചേരിയന്‍ ശ്രീനിവാസന്‍, ലൂര്‍ധന്‍, മുഹമ്മദ് സാലി, പ്രസന്റീന, മൈലാഞ്ചിക്കല്‍ റിയാസ്, മാങ്ങാടന്‍ വിനോദ്, റൂഡന്‍സ് മേരി എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കടല്‍ തീരത്ത് നട്ടു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ചുകടത്തിയതും കടല്‍ഭിത്തി ഇല്ലാത്തതുമാണു ഇവിടെ കടലാക്രണണത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കാനിടയാക്കിയത്. കിണറുകളില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്നു കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്. തലശ്ശേരി തലായി, മാക്കൂട്ടം, പെട്ടിപ്പാലം മേഖലകളാണ് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നത്. പെട്ടിപ്പാലത്ത് കൂറ്റന്‍ തിരകള്‍ കടല്‍ ഭിത്തി കടന്നു കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഇവിടെയുള്ള താമസക്കാര്‍ക്കായി സര്‍ക്കാര്‍ പുതുതായി നിര്‍മിച്ച ഇരുനില വീടുകൡലേക്കു വരെ തിരകളെത്തി. ഇന്നലെ പുലര്‍ച്ചെ നാലിനാണ് ഇവിടെ കടലാക്രമണം തുടങ്ങിയത്. തലായിയിലെ പൊട്ടന്റവിട ലക്ഷ്മി, വേലിക്കോത്ത് ബാലകൃഷ്ണന്‍, കരിമ്പില്‍ പ്രദീപന്‍, പള്ളിപ്പറമ്പത്ത് കോയ, കരിമ്പില്‍ അഴകേശന്‍, ആവിക്കല്‍ ബീവി, പുളിക്കൂര്‍ സരോജിനി, പള്ളിപ്പറമ്പത്ത് ബീവാത്തു, പൊട്ടന്റവിട ബീവി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കണ്ണൂരില്‍ തയ്യില്‍, മേഖലയിലെ കടലാക്രമണം തീരദേശവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തലശ്ശേരി, കണ്ണൂര്‍, മുഴപ്പിലങ്ങാട് മേഖലകളില്‍ കടലാക്രമണം രൂക്ഷമാകാന്‍ കാരണം പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയതയാണെന്നും ആക്ഷേപമുണ്ട്. ആയിക്കരയില്‍ പുലിമുട്ട് നിര്‍മിച്ചതോടെ കടല്‍ത്തിരകള്‍ ഗതിമാറി മൈതാനപ്പള്ളി മേഖലയിലേക്കു നീങ്ങിയതാണ് ഇവിടെ കടലാക്രമണത്തിനിടയാക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. തലശ്ശേരി തലായിയില്‍ പുലിമുട്ട് നിര്‍മിച്ചതോടെ തിരകള്‍ പെട്ടിപ്പാലം മേഖലയിലേക്കു മാറുകയായിരുന്നു. തലായിയിലും ആയിക്കരയിലും പുലിമുട്ടുകള്‍ നിര്‍മിച്ചതോടെ കടല്‍വെള്ളം മുഴപ്പിലങ്ങാട് മേഖലയില്‍ കേന്ദ്രികരിക്കപ്പെട്ടതാണ് ഇവിടെയുള്ള കടലാക്രമണത്തിന് കാരണമെന്നും പറയുന്നു.

Latest