Connect with us

Ongoing News

സച്ചിന്റെ പിന്‍ഗാമിയാര്?

Published

|

Last Updated

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയാര് ? വ്യര്‍ഥമായൊരു ചോദ്യമാണിത്. 662 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 34273 റണ്‍സടിച്ച, നൂറ് സെഞ്ച്വറികള്‍ക്കുടമയായ സച്ചിന് പകരം നില്‍ക്കാന്‍ മറ്റൊരാളില്ല. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സച്ചിന്‍ ഒഴിയുന്ന സിംഹാസനത്തിലേക്ക് ഒരാളെ കണ്ടെത്തിയേ തീരൂ. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, മന്‍പ്രീത് ജുനേജ, സഞ്ജു വി സാംസണ്‍ എന്നിങ്ങനെ പ്രതിഭാധനന്‍മാരുടെ നിര മുന്നിലുണ്ട്. തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗ് ശേഷിക്കുന്ന കരിയറില്‍ സച്ചിന്റെ പിന്‍ഗാമിയായി വാഴാന്‍ ആഗ്രഹിക്കുന്നുണ്ടാകും.
സ്ഥിരതയാര്‍ന്ന ഫോമും ആക്രമണോത്സുകമായ ബാറ്റിംഗും വിരാട് കോഹ്‌ലിക്ക് ടീമില്‍ സ്ഥിരം പൊസിഷന്‍ നല്‍കിയിരിക്കുന്നു. വിവിയന്‍ റിചാര്‍ഡ്‌സിനെ ഓര്‍മിപ്പിക്കും വിധം കളിക്കുന്ന കോഹ്‌ലി സച്ചിനെ പോലെ ഏകദിനത്തില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ പുറത്തെടുക്കുന്നു. എന്നാല്‍, ഗ്രൗണ്ടിലെ മോശം പെരുമാറ്റം കോഹ്‌ലിയെ സച്ചിന്റെ പിന്‍ഗാമി സ്ഥാനത്തില്‍ നിന്ന് അകറ്റുന്നു. ഐ പി എല്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീറിനോട് തട്ടിക്കയറിയ വിരാട് കോഹ്‌ലി മുതിര്‍ന്ന സഹതാരങ്ങളെ ബഹുമാനിക്കുന്നതില്‍ പിറകിലാണ്. സച്ചിനാകട്ടെ ഇക്കാര്യത്തില്‍ ഏവര്‍ക്കും മാതൃകയും.
ഇനിയുംടെസ്റ്റ് ക്യാപ് അണിഞ്ഞിട്ടില്ലാത്ത മുംബൈ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ പ്രതിഭയാണ്. സച്ചിന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ ഐ പി എല്‍, ചാമ്പ്യന്‍സ് ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് സച്ചിന്റെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായിരുന്നു. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ രോഹിത് ആത്മവിശ്വാസമുള്ള ഇന്നിംഗ്‌സുകള്‍ കാഴ്ചവെക്കുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന രോഹിതിന് പഞ്ചദിന മത്സരത്തില്‍ അനിവാര്യമായ ക്ഷമയുണ്ടോ എന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ല.
നാല്‍പത് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള യുവരാജ് സിംഗിന് സച്ചിന്റെ വിരമിക്കല്‍ അനുഗ്രഹമാണ്. മധ്യനിരയില്‍ സച്ചിന്റെ സ്ഥാനം സ്വന്തമാക്കാന്‍ യുവരാജും മത്സരിക്കും. വെറ്ററന്‍ താരം വിരേന്ദര്‍ സെവാഗിനും ഓപണിംഗ് റോള്‍ വിട്ട് സച്ചിന്റെ നാലാം സ്ഥാനത്തോട് താത്പര്യമുണ്ട്. എന്നാല്‍, നിലവിലെ ഫോം സെവാഗിന് തിരിച്ചടിയാണ്. അജിങ്ക്യ രഹാനെ, അംബാട്ടി റായുഡു, ജുനേജ എന്നിവര്‍ക്കൊപ്പം മലയാളി താരം സഞ്ജു വി സാംസണിലും ഭാവിയിലെ നക്ഷത്രത്തിളക്കം കാണാം.
വി വി എസ് ലക്ഷ്മണ്‍, രാഹുല്‍ദ്രാവിഡ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ ഇതിഹാസ താരങ്ങള്‍ വിട പറഞ്ഞതിന്റെ ക്ഷീണം ഇന്ത്യയുടെ ടെസ്റ്റ് ടീമിനാണ് ഏറെ.
ലക്ഷ്മണും ദ്രാവിഡും സച്ചിനും പ്രദര്‍ശിപ്പിച്ച ക്ലാസ് ക്വാളിറ്റിയില്‍ താനൊട്ടും പിറകിലല്ല എന്ന് ഓരോ അവസരത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്ന താരമുണ്ട് – സൗരാഷ്ട്ര താരം ചേതേശ്വര്‍ പുജാര. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ട് പുജാര വീണ്ടും മികവറിയിച്ചിരിക്കുന്നു. ഒരു മാസത്തിനിടെ മൂന്ന് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ട് ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡിട്ട പുജാര 2010 ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നാല് സെഞ്ച്വറികള്‍ നേടിയ പുജാര ഒരു ഡബിള്‍ സെഞ്ച്വറിയും പേരില്‍ കുറിച്ചു.
ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും പുജാര ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
പതിനൊന്ന് ടെസ്റ്റുകളില്‍ പതിനെട്ടാം ഇന്നിംഗ്‌സിലാണ് പുജാര ഈ റെക്കോര്‍ഡിലെത്തിയത്.

Latest