Connect with us

Kozhikode

കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളിലായി കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടംഗ സംഘം അറസ്റ്റില്‍. ഒരു മാസത്തിനിടെ 30 കടകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച വയനാട് പുല്‍പ്പള്ളി മണല്‍വയല്‍ കാളിപറമ്പില്‍ വിശ്വരാജ് (33), താനൂര്‍ അട്ടത്തോട് സ്വദേശി തോണക്കടവന്‍ ശിഹാബ് എന്ന റഫീഖ് (27) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതിയായ വിശ്വരാജ് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടച്ചിട്ട കടകളുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതില്‍ വിദഗ്ധനാണ് ഇയാള്‍.

ഇന്നലെ പുലര്‍ച്ചെ 2.45ന് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ചെറൂട്ടി റോഡ് കോര്‍പ്പറേഷന്‍ ബേങ്കിന് സമീപത്തു വെച്ച് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ എസ് ഐ കൃഷ്ണന്‍കുട്ടിയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. വിശ്വരാജ് രണ്ട് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിവരികയായിരുന്ന ഇയാള്‍ ഒരു മോഷണത്തിനിടയില്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഇവിടെ നിന്ന് മുങ്ങി തൃശൂര്‍, മലപ്പുറം ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു. ജ്വല്ലറി മോഷണ കേസുമായി ബന്ധപ്പെട്ട് വിശ്വരാജിന്റെ വിരലടയാളം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. മുമ്പ് ഫറോക്ക്, നടക്കാവ്, കസബ, ടൗണ്‍, കൊയിലാണ്ടി എന്നിവിടങ്ങളിലും പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും വിശ്വരാജിന്റ പേരില്‍ കളവ് കേസുകളുണ്ട്. മാവൂര്‍ റോഡില്‍ കത്തി കാണിച്ച് കടയുടെ വാച്ച്മാനെ കെട്ടിയിട്ട് കൊള്ള നടത്തിയ സംഘത്തിലും അംഗമായിരുന്നു.
2005-08 കാലഘട്ടത്തില്‍ ജില്ലയിലെ വിവിധ ഭവനഭേദന കേസുകളില്‍ പ്രതിയായ ശിഹാബ് രണ്ട് മാസം മുമ്പാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. ട്രെയിനുകളിലും മറ്റും കേന്ദ്രീകരിച്ച് കളവും പോക്കറ്റടിയും പതിവാക്കിയ ശിഹാബിനെ ജയിലില്‍ നിന്നുള്ള പരിചയമാണ് വിശ്വരാജനുമൊന്നിച്ച് മോഷണം നടത്താന്‍ പ്രേരിപ്പിച്ചത്. ടൗണ്‍ അഡീഷനല്‍ എസ് ഐ ഉണ്ണികൃഷ്ണന്‍, സിറ്റി ക്രൈം സ്‌ക്വാഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ മോഹന്‍ദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി പി ബിജു, എം വി അനീഷ്, കെ ഹാദില്‍, കെ ആര്‍ രാജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest