Connect with us

Ongoing News

കൂറുമാറ്റം: ഒറ്റപ്പാലത്ത് ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്ക് അയോഗ്യത

Published

|

Last Updated

തിരുവനന്തപുരം: കൂറുമാറ്റ നിരോധ നിയമം ലംഘിച്ചതിന് ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സനും ഡെപ്യൂട്ടി ചെയര്‍പേഴ്‌സനും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അയോഗ്യരാക്കി.

നഗരസഭയിലെ മറ്റൊരംഗമായ ജോസ് തോമസ് നല്‍കിയ ഹരജിയിലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ചെയര്‍പേഴ്‌സന്‍ പാറുക്കുട്ടി, ഡെപ്യൂട്ടി ചെയര്‍മാന്‍ എസ് സെല്‍വന്‍, അംഗമായ കെ ബാബു എന്നിവരെ അയോഗ്യരാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ 36 അംഗ ഭരണസമിതിയില്‍ എല്‍ ഡി എഫിന് 15 ഉം യു ഡി എഫിന് 11 ഉം സ്വതന്ത്രര്‍ക്ക് ആറും ബി ജെ പിക്ക് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ റാണി ജോസ്, ചെയര്‍പേഴ്‌സനായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ചെയര്‍പേഴ്‌സനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പിന്തുണയോടെ പാറുക്കുട്ടി ചെയര്‍പേഴ്‌സനായും സെല്‍വന്‍ ഡെപ്യൂട്ടി ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശേഷം സ്വന്തം പാര്‍ട്ടിയിലെ ചെയര്‍പേഴ്‌സനെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും അവരുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ മൂന്ന് പേരെയും അയോഗ്യരാക്കിയത്. ഇവരെ തദ്ദേശ ഭരണതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.

 

Latest