Connect with us

Malappuram

ചെലവ് ചുരുക്കല്‍; കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കും നിയന്ത്രണം

Published

|

Last Updated

മലപ്പുറം: സര്‍ക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍ കെ വി വൈ) 2013-14 വര്‍ഷത്തേക്കുള്ള പദ്ധതി റിപ്പോര്‍ട്ടിലും ഭേദഗതികള്‍. നേരത്തെ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയവയും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പരമ്പരാഗത കര്‍ഷകര്‍ക്ക് ഇരുട്ടടിയാകും. ഇത് പ്രകാരം പദ്ധതികളെല്ലാം ജില്ലാ സമഗ്ര കാര്‍ഷിക പദ്ധതി, സംസ്ഥാന കാര്‍ഷിക പദ്ധതി എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി രൂപം കൊടുത്തവയായിരിക്കണം. ഏതെങ്കിലും സംസ്ഥാന പദ്ധതി വിഹിതത്തിന്റെയോ മറ്റ് ധനസഹായ ഏജന്‍സികളുടെയോ പരിഗണനയില്‍ വരുന്നതാണെങ്കില്‍ പ്രോജക്ട് എന്ന് പദ്ധതിയില്‍ സാക്ഷ്യപ്പെടുത്തണം. ഈ ആവശ്യത്തിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ടെങ്കില്‍ അതും വ്യക്തമാക്കണം. ഇതെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ സാമ്പത്തിക സഹായം അനുവദിക്കൂ. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ഘടകങ്ങള്‍ക്ക് മുന്‍ നിശ്ചയിച്ച വ്യവസ്ഥക്കള്‍ക്കനുസൃതമായി സഹായങ്ങള്‍ നല്‍കാം. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളില്‍ ഇനി മുതല്‍ നൂറ് ശതമാനം സബ്‌സിഡി അനുവദിക്കില്ല. തൊഴിലാളി നിയമനം, ഇന്ധനം, യാത്രാപ്പടി, ഡി എ, ഗതാഗതം, കമ്പ്യൂട്ടര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയ ആവര്‍ത്തന ചെലവുകള്‍ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. മാത്രമല്ല സ്ഥിരം, താത്കാലിക നിയമനങ്ങള്‍ നടത്താനോ വാഹനങ്ങള്‍ വാങ്ങാനോ പാടില്ല. ക്ഷീര വ്യവസായ യൂനിറ്റുകള്‍, പഴം സംസ്‌കരണ പ്ലാന്റുകള്‍, കാലിത്തീറ്റ പ്ലാന്റുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ബൃഹ്ത് പദ്ധതികള്‍ അംഗീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ദീര്‍ഘകാല ഗവേഷണ പദ്ധതികള്‍ക്ക് ഇനി മുതല്‍ സാമ്പത്തിക സഹായം നല്‍കില്ല. പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ജില്ലാ കലക്ടറെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും പദ്ധതി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണം. പദ്ധതി ശിപാര്‍ശ ചെയ്യുന്ന ഏജന്‍സി വെബ് അധിഷ്ഠിത ആര്‍ ഡി എം ഐ എസ്സില്‍ പരിജ്ഞാനമുളള്ളവരായിരിക്കണമെന്നും എല്ലാ വിവരങ്ങളും പ്രൊജക്ടില്‍ ഉള്‍പ്പെടുത്തണമെന്നും ഡയറക്ടര്‍ ആന്റ് എസ്‌ക് ഓഫീഷ്യോ അഡീഷനല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.