Connect with us

Kannur

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെച്ചു

Published

|

Last Updated

പയ്യന്നൂര്‍: ഗ്രൂപ്പ്ുവഴക്കിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലബാര്‍ ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി് ബോര്‍ഡ് പ്രസിഡന്റ് കെ എ ചന്ദ്രന്‍ രാജിവെച്ചതായി സൂചന. ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന് രണ്ട് ദിവസം മുമ്പാണ് പ്രസിഡന്റ്് ചന്ദ്രന്‍ രാജി കത്ത് നല്‍കിയത്.

അതിനിടെ, രാജി ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് നേതൃത്വം വഹിക്കാന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത് എത്തിയതായും അറിയുന്നു. മന്ത്രി ശിവകുമാറുമായും പ്രസിഡന്റ് കെ എ ചന്ദ്രനുമായും അടുത്ത ദിവസം തന്നെ ചെന്നിത്തല ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. കുറെനാളായി മലബാര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നിട്ട്. അവസാനം നടന്ന യോഗം ഭരണസമിതിയിലെ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം അലസിപ്പിരിയുകയും ചെയ്തിരുന്നു. ബോര്‍ഡില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കെ പ്രസിഡന്റിന്റെ രാജി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാനും സാധ്യത ഏറിയിരിക്കുകയാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി അധികാരമേറ്റ ആദ്യനാളുകളില്‍ തന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് ആരോപിച്ച് ബോര്‍ഡംഗങ്ങളില്‍ ഒരു വിഭാഗവും രണ്ട് പ്രതിപക്ഷ അംഗങ്ങളും രംഗത്ത് വന്നിരുന്നു.
ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ഐ എന്‍ ടി യു സി രംഗത്തിറങ്ങിയതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. അതിനിടെ ഒരു മാസം മുമ്പ് ബോര്‍ഡ് യോഗത്തിനിടെ ഐ എന്‍ ടി യു സി നേതാക്കളും ബോര്‍ഡ് അംഗങ്ങളും തമ്മില്‍ കൈയാങ്കളിയും നടന്നു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ അടക്കമുള്ള അഞ്ച് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് ക്ഷേത്ര ട്രസ്റ്റിമാര്‍ തള്ളിക്കളഞ്ഞത് പ്രസിഡന്റ് കെ എ ചന്ദ്രന് തിരിച്ചടിയായി. ഇതും അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച പ്രധാന ഘടകമായി കരുതുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ചന്ദ്രന്‍ പ്രസിഡന്റായി യു ഡി എഫിന്റെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികാരമേറ്റത്.
രണ്ട് ഇടതുപക്ഷ അംഗങ്ങളും ബോര്‍ഡിലുണ്ട്. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയും മുമ്പെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ചന്ദ്രന്‍ സന്നദ്ധനായത് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും, തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും മൂലമാണ്. ഏക സ്‌കീമോ പൊതു ഫണ്ടോ നടപ്പില്‍ വരുത്താത്തതു കാരണം ബോര്‍ഡിന്റെ തുടക്കം മുതല്‍ക്കേ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിവരുന്ന മാനേജ്‌മെന്റ് ഫണ്ടിന്റെ വരുമാന പരിധി കുറച്ചത് ക്ഷേത്ര ജീവനക്കാരെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു.
ക്ഷേത്ര ജീവനക്കാര്‍ക്ക് 20 മാസത്തിലധികമായി ശമ്പളം മുടങ്ങിക്കിടക്കുന്ന സമയത്താണ് കെ എ ചന്ദ്രന്‍ പ്രസിഡന്റായി മലബാര്‍ ദേവസ്വം ബോര്‍ഡ് അധികാരമേറ്റത്. ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉയര്‍ത്തിക്കാട്ടി ഭരണകക്ഷിയില്‍പ്പെട്ട ഐ എന്‍ ടി യു സി പ്രസിഡന്റിനെതിരായി ആദ്യം മുതല്‍ക്കെ രംഗത്തു വന്നിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രസിഡന്റിനെ നിലനിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം.

Latest