Connect with us

National

വിശ്വ സുന്ദരി ഒലീവിയ ഫ്രാന്‍സെയുടെ താജ് മഹല്‍ സന്ദര്‍ശനം വിവാദത്തില്‍

Published

|

Last Updated

ആഗ്ര: വിശ്വ സുന്ദരിപ്പട്ടം നേടിയ ഒലീവിയ ഫ്രാന്‍സെയുടെ താജ് മഹല്‍ സന്ദര്‍ശനം വിവാദത്തില്‍. താജ് മഹലില്‍ വെച്ച് ചെരിപ്പിന്റെ പരസ്യത്തിനായി ഫോട്ടോ എടുത്തതാണ് വിവാദത്തിനിടയാക്കിയത്. ഒലീവയും സംഘവും ഇന്നലെ രാവിലെയാണ് താജ് സന്ദര്‍ശനത്തിനെത്തിയത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. താജിലെത്തിയ ഇവര്‍ താജിലെ ഡയാനാ സീറ്റില്‍ ചെരിപ്പ് വെക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയുമായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെയായിരുന്നു നടപടി. ഇതാണ് വിവാദത്തിനിടയാക്കിയത്. കടുത്ത അവഹേളനമാണിതെന്ന് താജ് മഹല്‍ സംരക്ഷകനായ മുനവ്വര്‍ അലി പറഞ്ഞു.
1992ല്‍ താജ് സന്ദര്‍ശിച്ച ഡയാനാ രാജകുമാരിയുടെ സ്മരണക്കായി നിര്‍മിച്ചതാണ് ഡയാനാ ബെഞ്ച് എന്ന മാര്‍ബിള്‍ ഇരിപ്പിടം. ഇത് പെട്ടന്നെടുത്ത ഒരു തീരുമാനമല്ല. കമ്പനിയുട വിപണി ലാഭകരമാക്കാന്‍ പരസ്യത്തിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്.
കേസ് ഒഴിവാക്കാന്‍ പോലീസിന് കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. പക്ഷേ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ താജിലേക്ക് പ്രവേശിക്കുമ്പോള്‍ സി ഐ എസ് എഫ് അധികൃതരോടും പോലീസിനോടും എ എസ് ഐ അധികൃതരോടും സമ്മതം ചോദിച്ചിരുന്നുവെന്നും അവര്‍ തീരുമാനം പറയാതെ കളിപ്പിക്കുകയായിരുന്നുവെന്നും ഒലീവിയയുടെ ഗൈഡ് പറഞ്ഞു.
വാണിജ്യാവശ്യത്തിനായി താജ്മഹലിനെ ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്.

Latest