Connect with us

National

ഫായ്‌ലിന്‍ ഭീതിയില്‍ ആന്ധ്ര, ഒഡീഷ തീരങ്ങള്‍: അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്ര, ഒഡീഷ തീരങ്ങലില്‍ ഭീതി വിതച്ച് ഫായ്‌ലിന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ഒഡീഷയിലെ ഗോപാല്‍പൂരിലെത്തും. തീരപ്രദേശങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികംപേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു. സൈന്യവും,സര്‍ക്കാറും അടിയന്തിര സാഹചര്യം നേരിടുന്നതിന് വേണ്ടി മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 240 കിലോമീറ്ററിലും കൂടുതലാകുമെന്നാണ് യു എസ് നാവിക സേന അറിയിച്ചത്. മണിക്കൂറില്‍ 45 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഒഡീഷ തീരത്ത് ഇന്നലെ രാവിലെ മുതല്‍ വീശാന്‍ തുടങ്ങിയിട്ടുണ്ട്. അപകടകരമായ സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ഫായ്‌ലിന്‍ രൂപാന്തരം പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. 2005ല്‍ യു എസിലുണ്ടായ കത്രീന ചുഴലിക്കാറ്റിനേക്കാള്‍ ശക്തിയുണ്ടാകും ഫായ്‌ലിന്‍ കൊടുങ്കാറ്റിനെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാറ്റിത്തുടങ്ങി.
ഒഡീഷയിലെ ജഗത്സിംഗ്പൂര്‍, പുരി, ഗന്‍ജം, ഖുര്‍ദ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലകളെയാണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുകയെന്നാണ് കരുതുന്നത്. ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ പാരാദ്വീപിനും ഇടയിലാകും കാറ്റിന്റെ സഞ്ചാരപാത. വൈകീട്ട് ആറ് മണിയോടെ കൊടുങ്കാറ്റ് ഒഡീഷ തീരത്തെത്തും. ഇതേ വേഗത്തില്‍ വീശുകയാണെങ്കില്‍ 1.2 കോടി ജനങ്ങള്‍ കൊടുങ്കാറ്റിന്റെ ദുരിതം അനുഭവിക്കേണ്ടി വരും. ആന്ധ്രാപ്രദേശിലെ വടക്കന്‍ തീരദേശ ജില്ലകളായ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് 64,000ത്തോളം പേരെയാണ് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചത്. ഒഡീഷയിലെ നാല്‍പ്പത് ഗ്രാമങ്ങളില്‍ നിന്നായി നാല്‍പ്പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി സൂര്യനാരായണ്‍ പാത്ര പറഞ്ഞു.
കര, നാവിക, വ്യോമ സേനകളോട് സജ്ജരായിരിക്കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുമായി വ്യോമസേനയുടെ ഐ എല്‍ 76 വിമാനം ഭുവനേശ്വറില്‍ എത്തിയിട്ടുണ്ട്. പതിനെട്ട് ഹെലിക്കോപ്റ്ററുകളും ദുരന്തം നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡീഷയിലെത്തിയത്. ഹൗറ ചെന്നൈ പാത വഴി പോകുന്ന 24 ട്രെയിനുകള്‍ റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ സാധ്യതയുണ്ടെന്ന് കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.