Connect with us

National

2 ജി കേസ്: സുപ്രീം കോടതിയില്‍ പുതിയ ബഞ്ച്‌

Published

|

Last Updated

ന്യൂഡല്‍ഹി: 2 ജി കുംഭകോണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനായി സുപ്രീം കോടതി പുതിയ ബഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസ് ജി എസ് സിംഘ്‌വിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിശോധിച്ചിരുന്നത്. ഡിസംബറില്‍ വിരമിക്കാനിരിക്കെ, 2 ജി കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് ജസ്റ്റിസ് സിംഘ്‌വി ആവശ്യപ്പെട്ടത് പ്രകാരമാണ് ചീഫ് ജസ്റ്റിസ് പി സദാശിവം പുതിയ ബഞ്ച് രൂപത്കരിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, കെ എസ് രാധാകൃഷ്ണന്‍ എന്നിവരാണ് പുതിയ ബഞ്ചിലെ ന്യായാധിപര്‍.
ഡിസംബര്‍ 11നാണ് ജസ്റ്റിസ് സിംഘ്‌വി വിരമിക്കുന്നത്. താന്‍ നേരത്തേ കൈകാര്യം ചെയ്ത നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അത്‌കൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ 2 ജി പോലുള്ള സങ്കീര്‍ണമായ കേസ് കേള്‍ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് സിംഘ്‌വിയുടെ ബഞ്ചില്‍ ജസ്റ്റിസ് രാധാകൃഷണന്‍ ഉണ്ടായിരുന്നു. കുറ്റാരോപിതരായവര്‍ സമര്‍പ്പിച്ച നിരവധി ഹരജികള്‍ തീര്‍പ്പാക്കാനുണ്ട്. അന്തിമ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ ഈ ഹരജികള്‍ തീര്‍പ്പാക്കണം. തങ്ങള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്യുന്നതാണ് ഈ ഹരജികളില്‍ മിക്കവയും. തുടക്കത്തില്‍ 2 ജി കേസുകള്‍ കേട്ടിരുന്നത് ജസ്റ്റിസുമാരായ സിംഘ്‌വിയും എ കെ ഗാംഗുലിയും ആയിരുന്നു. മുന്‍ ടെലികോം മന്ത്രി എ രാജ തന്റെ ഭരണകാലത്ത് അനുവദിച്ച 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രധാന വിധി പുറപ്പെടുവിച്ചത് ഈ ബഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനായിരുന്നു വിധി. ജസ്റ്റിസ് ഗാംഗുലി വിരമിച്ചതോടെ ജസ്റ്റിസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി പുതിയ ബഞ്ച് രൂപവത്കരിക്കുകയായിരുന്നു.