Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക് പരിഷ്‌കരണം അടുത്തയാഴ്ച മുതല്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തരി: ബത്തേരിയിലെ പുതിയ ട്രാഫിക് പരിഷ്‌കാരം അടുത്തയാഴ്ച നിലവില്‍ വരും. ടൗണിലെ രണ്ട് ബസ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയാണ് പരിഷ്‌കാരം. അസംപ്ഷന്‍ ജംഗ്ഷനു മുന്നിലുള്ള ബസ് സ്റ്റോപ്പും ഗണപതി ക്ഷേത്രപരിസരത്തെ സ്റ്റോപ്പുമാണ് നിര്‍ത്തലാക്കുന്നത്. അസംപ്ഷന്‍ ജംഗ്ഷനിലെ സ്റ്റോപ്പ് നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അസംപ്ഷന്‍ ആശുപത്രിയിലേക്കും പള്ളിയിലേക്കും പോകേണ്ടവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. പുതിയ തീരുമാനനുസരിച്ച് കല്‍റ്റ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ അസംപ്ഷന്‍ ജംഗ്ഷനില്‍ നിര്‍ത്തില്ല. പകരം പുതുതായി അനുവദിച്ച പഞ്ചായത്ത് ഓഫീസിനുമുന്നില്‍ എതിര്‍വശത്തെ സ്റ്റോപ്പിലാണ് നിര്‍ത്തുക. പിന്നീട് ചുങ്കത്തായിരിക്കും സ്റ്റോപ്പ്. അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെയും ട്രാഫിക് ജംഗ്ഷന്‍ മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെയും വണ്‍വേ ആക്കും. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോറിക്ഷകള്‍ ചുള്ളിയോട് ഭാഗത്തേക്ക് തിരിച്ചിടാനും തീരുമാനമായി. ചുങ്കം ഭാഗത്തുനിന്ന് കല്‍പറ്റയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ട്രാഫിക് ജംഗ്ഷനിലെത്തി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് മുന്നിലൂടെ ഗാന്ധി ജംഗ്ഷന്‍ വഴി തിരിഞ്ഞുപോകണം.
ഗാന്ധി ജംഗ്ഷനില്‍ നിന്നുള്ള ഒരു വാഹനത്തിനും ട്രാഫിക് ജംഗ്ഷന്‍ വഴി ഹൈവേയിലേക്ക് പ്രവേശനം അനുവദിക്കില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസ് സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് ട്രാഫിക് പരിഷ്‌കരാം ഏര്‍പ്പെടുത്തുന്നതെങ്കിലും അത് ഫലവത്താകില്ല എന്നാണ് ആരോപണം. ബൈപാസ് റോഡിന്റെ പണി പൂര്‍ത്തിയാക്കി വാഹനഗതാഗതം തിരിച്ചുവിടുകയോ ടൗണിലെ റോഡുകളുടെ വീതി കൂട്ടുകയോ മാത്രമാണ് പരിഹാരമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് കല്‍പറ്റ ഭാഗത്തേക്ക് പോകുന്ന ബസുകളും ചുങ്കം സ്റ്റാന്‍ഡില്‍ നിന്ന് വരുന്ന ബസുകളും ചുങ്കത്തെ ബസ് സ്റ്റോപ്പില്‍ രണ്ടുമിനിട്ട് മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ.
നിലവിലുള്ള ഈ സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.
നാലുചക്ര ഓട്ടോറിക്ഷകള്‍ക്ക് കരുണ ആശുപത്രിക്ക് സമീപവും ചുള്ളിയോട് റോഡിലുമാണ് സ്റ്റാന്‍ഡ് അനുവദിക്കുക. കോഴിക്കോട് ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകള്‍ക്ക് ചുങ്കത്തെ സ്‌റ്റോപ്പ് കഴിഞ്ഞാല്‍ പിന്നീട് അസംപ്ഷന്‍ ജംഗ്ഷനിലായിരിക്കും സ്റ്റോപ്പ്. നിലവിലുള്ള പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തെ സ്റ്റോപ്പ് നിര്‍ത്തലാക്കും. ദീര്‍ഘദൂര ബസുകളും ഗാന്ധി ജംഗ്ഷന്‍ വഴി തിരിഞ്ഞുപോകണം. ട്രാഫിക് അഡൈ്വസറി യോഗ തീരുമാനം ജില്ലാ കളക്ടര്‍ അനുമതി നല്‍കിയാലുടന്‍ അടുത്തയാഴ്ച തന്നെ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജ് പറഞ്ഞു.

Latest