Connect with us

Palakkad

പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം

Published

|

Last Updated

ഗൂഡല്ലൂര്‍: മേല്‍കുന്താ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് വനിതയും വൈസ് പ്രസിഡന്റ് നാരായണമൂര്‍ത്തിയും തമ്മില്‍ ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ജില്ലാകലക്ടര്‍ ആദ്യം പ്രസിഡന്റിന്റെ ചെക്ക് പവര്‍ എടുത്ത് കളയുകയും പിന്നീട് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അന്വേഷണ വിധേയമായി കലക്ടര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ഇവിടെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ സ്ഥാനചലനം സംഭവിച്ച വനിതയെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ചില കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഭാഗ്യ, ലക്ഷ്മി, ചന്ദ്രന്‍ തുടങ്ങിയ അഞ്ച് കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുപ്പ് അഗീകരിക്കില്ലെന്ന് ശഠിച്ചതോടെ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചന്ദ്രന്‍ തത്കാലം തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ചന്ദ്രന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കലക്ടര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മഞ്ചൂര്‍ സി ഐ ലക്ഷ്മണന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവലിലായിരുന്നു തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നത്. എ ഡി എം കെ അംഗങ്ങള്‍ തമ്മിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും എ ഡി എം കെ അംഗങ്ങളാണ്. പ്രശ്‌നം പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കിയിട്ടുണ്ട്. ഭരണകക്ഷി അംഗങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നം കാരണം പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിയായിരുന്നു ഉണ്ടായിരുന്നത്.

Latest