Connect with us

Wayanad

വയനാട്ടില്‍ ഇന്ന് മൂന്ന് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം

Published

|

Last Updated

കല്‍പറ്റ: സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ലക്ഷ്യമിട്ട് പാറാട് ബോംബ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ വിഘടിത വിഭാഗത്തിന്റെ ഹീന നടപടിയില്‍ പ്രതിഷേധിച്ച് വയനാട്ടിലെ മൂന്നു കേന്ദ്രങ്ങളില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് പ്രതിഷേധ പ്രകടനം നടത്തും. സുല്‍ത്താന്‍ ബത്തേരി സോണ്‍-ഡിവിഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലും, മേപ്പാടി, കല്‍പറ്റ സോണ്‍-ഡിവിഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പറ്റയിലും, മാനന്തവാടി, വെള്ളമുണ്ട സോണ്‍, തരുവണ ഡിവിഷനുകളുടെ നേതൃത്വത്തില്‍ മാനന്തവാടിയിലുമാണ് പ്രതിഷേധ പ്രകടനം നടത്തുക.
കണ്ണൂര്‍ ജില്ലയിലെ പാറാട് ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിലെ പ്രതികളെയും കൊട്ടേഷന്‍ നല്‍കിയവരില്‍ ചിലരെയും തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെയും സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ജില്ലാ നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാറാട് സംഭവത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സമസ്തയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് ഈ ഹീന കൃത്യത്തിന് നേതൃത്വം നല്‍കിയതെന്നത് കേരളീയ മനസാക്ഷിയെ നടുക്കുന്നുണ്ട്. സമുദായ രാഷ്ട്രീയ പാര്‍ട്ടിയിലെ ചിലരെങ്കിലും ഈ ഭീകരാക്രമണത്തിന് മൗനസമ്മതം നല്‍കുന്നുണ്ടെങ്കില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കും.
ഈ നിഗൂഢ നീക്കങ്ങളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരാനും ഭീകരപ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ബോംബ് സ്‌ഫോടനത്തെ സംബന്ധിച്ചുള്ള സത്യം പുറത്ത് വരാനും കേസന്വേഷണം എന്‍. ഐ.എക്ക് വിടണം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷനില്‍ ഒരു വിഭാഗം പോലീസിനെതിരെ വിമര്‍ശമുന്നയിച്ച് നേതാക്കള്‍ക്കെതിരെ തിരിഞ്ഞത് ഇത്തരം അക്രമികള്‍ക്ക് വേണ്ടിയായിരുന്നു. ക്രിമിനല്‍വത്കരിക്കപ്പെടുന്ന ഇത്തരം സംഘടനകള്‍ക്കും നേതാക്കള്‍ക്കും പിന്തുണ നല്‍കുന്ന രാഷ്ട്രീയ സമീപനം ലജ്ജാവഹമാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മറ്റൊരു മാതൃകയിലാണ് കണ്ണൂര്‍ ജില്ലയിലെ ഓണപ്പറമ്പില്‍ വിഘടിത വിഭാഗം പള്ളി തകര്‍ത്തത്. ഇതില്‍ പ്രതിഷേധിക്കുന്നതിന് പകരം ചില സമുദായ രാഷ്ട്രീയക്കാര്‍ പ്രതികള്‍ക്ക് ജാമ്യം നേടിക്കൊടുക്കുന്നതിനും അവര്‍ക്ക് സ്വീകരണങ്ങളൊരുക്കുന്നതിനുമാണ് ഉദ്യമിച്ചത്. സ്വീകരണം കഴിഞ്ഞ് സുന്നി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമഴിച്ചുവിടാനും ഇവര്‍ ഒത്താശ ചെയ്തു. പള്ളിതകര്‍ത്ത കേസിലെ കുറ്റവാളികളുടെ ജാമ്യം റദ്ദ് ചെയ്യാന്‍ അഭ്യന്തര വകുപ്പ് തയ്യാറാവണം. മഞ്ചേരിയിലെ എളങ്കൂരില്‍ സുന്നി പ്രവര്‍ത്തകനെ വധിച്ചതും മന്ത്രി ആര്യാടനെതിരെ പരസ്യമായി കൊലവിളി നടത്തിയതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കേരളത്തിലെ മുസ്‌ലിം മഹല്ലുകളില്‍ ഈ വിഭാഗം സംഘര്‍ഷം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കി പോലീസിനെയും നിയമത്തെയും കൂച്ചുവിലങ്ങിടാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണം. ഇതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് മാറ്റാനും തയ്യാറാകണം. പ്രതിഷേധ പ്രകടനങ്ങള്‍ വന്‍ വിജയമാക്കണെമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി, ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Latest