Connect with us

Palakkad

പദ്ധതികള്‍ ബാലസൗഹൃദമാക്കണം: ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പാലക്കാട്: പദ്ധതികള്‍ ബാലസൗഹൃദമാക്കി അട്ടപ്പാടിയിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ മുന്‍ ചീഫ് സെക്രട്ടറി നീലഗംഗാധരന്‍ പറഞ്ഞു.
അഗളിയില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. കുട്ടികളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ മുന്‍ഗണന നല്‍കി പദ്ധതികള്‍ തയാറാക്കണം. സ്‌കൂളുകള്‍, ആശുപത്രികള്‍, അങ്കണ്‍വാടികള്‍ മുതലായവയില്‍ കുട്ടികള്‍ക്ക് ശുദ്ധജലവും അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണം. എല്ലാ അങ്കണ്‍വാടികളും വൈദ്യുതീകരിക്കണം. വൈദ്യുതീകരിക്കാത്ത പ്രദേശങ്ങളില്‍ സോളാര്‍ മുതലായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സൗകര്യം മെച്ചപ്പെടുത്തണം.
ശുദ്ധജല സംവിധാനം ഏര്‍പ്പെടുത്തണം. മദ്യ ഉപഭോഗം കുട്ടികളിലെത്താതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അട്ടപ്പാടിയില്‍ ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ പുന:രുദ്ധാരണ പദ്ധതി ഷോളയൂര്‍ പഞ്ചായത്തില്‍ ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് ഡി എം ഒ ഡോ കെ വേണുഗോപാലന്‍ പറഞ്ഞു. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനുളള പരിശീലനം നല്‍കിയിട്ടുണ്ട്.
അപേക്ഷ നല്‍കുന്ന മുറക്ക് അട്ടപ്പാടിയിലെ സ്‌കൂളുകള്‍ക്കും അങ്കണ്‍വാടികള്‍ക്കും ടോയ്‌ലറ്റിനുളള ധനസഹായം അനുവദിക്കുമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ജലനിധി ജലവിതരണ പദ്ധതികള്‍ ഏറ്റെടുത്ത് പുന:രുദ്ധരിച്ച് രണ്ട് വര്‍ഷത്തോളം സൗജന്യമായി ജലവിതരണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എം ഡി പറഞ്ഞു. ഇതോടൊപ്പം പഞ്ചായത്തുകളില്‍ പ്രത്യേകം പ്രത്യേകം കുടിവെളള പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഊരുകളിലെ കൃഷിക്കായി തൈകള്‍ ഉണ്ടാക്കാന്‍ നഴ്‌സറികള്‍ ആരംഭിക്കുമെന്നും അട്ടപ്പാടി പ്രൊജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റി എം ഡി. അശോക് കുമാര്‍ സിങ്, അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുബ്ബയ്യ, ഡി എം ഒ ഡോ കെ വേണുഗോപാല്‍, സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ പി പ്രതാപന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ എസ കാര്‍ത്തികേയന്‍, മണ്ണാര്‍ക്കാട് ഡി എഫ് ഒ ടി സി ത്യാഗരാജന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ ജയന്തി വാസന്‍, കൃഷി ഡെപ്യൂട്ടി കമ്മീഷണര്‍ കെ കെ ശോഭന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് മാത്യു, ഡോ എ എച്ച് പനവേല്‍, അഗളി ഡി വൈ എസ് പി ആര്‍ സലീം, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ മൃത്യുഞ്ജയന്‍, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ടി വി രാധാകൃഷ്ണന്‍, അട്ടപ്പാടിയിലെ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.