Connect with us

Wayanad

പ്രതിരോധ കുത്തിവെപ്പ് തുടരുമ്പോഴും കുളമ്പ് രോഗം അന്യമാകുന്നില്ല

Published

|

Last Updated

മാനന്തവാടി: ജില്ലയില്‍ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുമ്പോഴും കുളമ്പ് രോഗത്തിന് അറുതിയില്ല. ഇതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുളമ്പ് രോഗം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലയില്‍ 70% കന്നുകാലികള്‍ക്കിടയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയായതായി മൃഗസംരക്ഷണ വകുപ്പ് അവകാശപ്പെടുന്നമ്പോഴും കുളമ്പ് രോഗത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. പ്രധാനമായും തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും അറവിനായി എത്തുന്ന കന്നുകാലികളിലുടെയാണ് കുളമ്പ് രോഗം എത്തുന്നത് എന്നാണ് മൃഗസംക്ഷണവകുപ്പിന്റെ വാദം. കുളമ്പ് രോഗം മുമ്പില്‍ കണ്ട് കന്നുകാലി വരവിന് നിരോധമുണ്ടെങ്കിലും ചെക്ക് പോസ്റ്റുകളില്‍ കടക്കാതെ ഊട് വഴികളിലൂടെ വന്‍ തോതില്‍ കന്നുകാലി കടത്ത് നടക്കുന്നുണ്ട്.
വാക്‌സിന്‍ നല്‍കി കഴിഞ്ഞാലും 21 ദിവസം കഴിഞ്ഞുമാത്രമേ കുളമ്പ് രോഗ പ്രതിരോധം നടക്കുന്നുള്ളു എന്നതും കുളമ്പ് രോഗം വ്യാപിപ്പിക്കുന്നു. എഫ്എംഡി വൈറസുകളാണ് കുളമ്പ് രോഗം പരത്തുന്നത്. 76000ത്തോളം കന്നുകാലികളാണ് ജില്ലയിലുള്ളത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ 450ഓളം കന്നുകാലികള്‍ക്ക് കുളമ്പ് രോഗം പിടിപ്പെട്ടു. ഇതില്‍ തന്നെ 15 ഓളം കന്നുകാലികള്‍ ചത്തു. കഴിഞ്ഞ വര്‍ഷം നാല് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഡിഡിബി വാക്‌സിനുകളാണ് സാധാരണയായി ഇവക്ക് നല്‍കുന്നത്. ഇതിന്റെ പ്രതിരോധ കാലാവധി ആറ് മാസം മാത്രമാണ്. അതിനാല്‍ തന്നെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത് ഇവിടെ പാലിക്ക പ്പെടുന്നില്ല. പ്രധനമായും കാറ്റിലൂടേയും, സമ്പര്‍ക്കത്തിലൂടെയുമാണ് കന്നുകാലികളില്‍ രോഗം പടര്‍ന്നു പിടിക്കുന്നത്. കുളമ്പിലും വായിലും വൃണങ്ങള്‍ രൂപപ്പെടുകയും അവ ചീഞ്ഞ് പഴുക്കുന്നതുമാണ് പ്രധാന ലക്ഷണം. പ്രതിരോധ വാക്‌സിന്‍ നല്‍കിയാല്‍ കറവക്ക് കുറവുണ്ടാകുമെന്ന ആശങ്കയില്‍ കറവയുള്ള കന്നുകാലികള്‍ക്ക് വാകസിന്‍ കൊടുക്കാന്‍ കര്‍ഷക്കും താത്പര്യക്കുറവാണ്.
ജില്ലയില്‍ നിരവധി കര്‍ഷകരാണ് ക്ഷീരകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. മാനന്തവാടി, ബത്തേരി താലൂക്കുകളിലാണ് കൂടുതലായും രോഗം കണ്ടെത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് കൂടുതലായും രോഗം പിടിപ്പെടുന്നത്. കാലി ചന്തകളിലാണ് ഈ വര്‍ഷം ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കന്നുകാലി ലോറികള്‍ വ്യാജ പ്രതിരോധ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചാണ് അതിര്‍ത്തി കടക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ വാക്‌സിന്‍ നല്‍കാന്‍ സൗകര്യമില്ലാത്തതും വനത്തിനുള്ളില്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വനം വകുപ്പ് സഹകരിക്കാത്തതും തിരിച്ചടിയാകുന്നത്. ജീവനക്കാരുടെ കുറവും ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിനെ വലക്കുന്നുണ്ട്. ജില്ലയില്‍ ആറോളം വെറ്റിനറി ഡോക്ടര്‍മാരുടെ ഒഴിവുകളും ിതുവരെ നികത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളും, ചെക്ക് പോസ്റ്റുകളിലെ അന്യസംസ്ഥാന കന്നുകാലി വണ്ടികളുടെ കര്‍ശന പരിശോധനയും ഊര്‍ജ്ജിതമാക്കിയാല്‍ മാത്രമേ കുളമ്പ് രോഗത്തിന് അറുതി വരുത്താന്‍ കഴിയൂ.

Latest