Connect with us

Palakkad

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്ല; സ്‌കൂള്‍ മേളകള്‍ അവതാളത്തിലാകുമെന്നു ആശങ്ക

Published

|

Last Updated

കൊല്ലങ്കോട്: ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തതിനു ശേഷം പകരം ആളെ നിയമിച്ചില്ല.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ നടത്തുന്നതിനാല്‍ ജില്ലയിലെ ഉപജില്ലാതല കലോത്സവങ്ങളും ശാസ്ത്രമേളകളും കായിക മല്‍സരങ്ങളും ഈമാസം അവസാനിക്കുന്നതിന് മുന്‍പ് നടത്തണം. പാലക്കാട് ജില്ലാതല ശാസ്‌ത്രോത്സവം ഈമാസം 28ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലങ്കോട് ഉപജില്ലയില്‍ ശാസ്ത്രമേള നടത്തുന്നതിന്റെ പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. മേളകള്‍ നടത്തുന്നത് എ ഇ ഒ അധ്യക്ഷനായുള്ള അധ്യാപക സംഘടന പ്രതിനിധികള്‍ അടങ്ങിയ പാഠ്യാനുബന്ധ സമിതിയാണ്. എ ഇ ഒ നിയമനം ഇനിയും നടക്കാത്തതിനാല്‍ പാഠ്യാനുബന്ധ സമിതി ചേരുന്നതിനോ മേളകള്‍ക്കാവശ്യമായ അധ്യാപക വിഹിതം പിരിക്കാനോ ഉള്ള നടപടികളും ആയിട്ടില്ല.
ഉപജില്ലാ മേളകള്‍ നടത്തുന്നതിലേക്കുള്ള ഫണ്ടില്‍ അന്‍പത് ശതമാനത്തോളം വരുന്ന വിഹിതം നല്‍കുന്നത് പാഠ്യാനുബന്ധ സമിതിയാണ്. മേളകള്‍ നടത്തേണ്ട ചുമതലയുള്ള സ്‌കൂളുകളില്‍ ചില സ്ഥലങ്ങളില്‍ സ്വാഗതസംഘം രൂപവത്കരിക്കുന്നതിന്റെ ഒരുക്കങ്ങള്‍ ആരംഭച്ചിട്ടുണ്ട്. കൃത്യമായ നേതൃത്വം ഉള്ളപ്പോള്‍ തന്നെ മേളകളുടെ നടത്തിപ്പില്‍ പരാതി പ്രവാഹം പതിവാണ്. വിദ്യാലയ തല മല്‍സരങ്ങളില്‍ അപ്പീല്‍ നല്‍കേണ്ടതും അനുവദിക്കേണ്ടതും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറാണ്. ഉപജില്ലാ മേളകളുടെ അപ്പീല്‍ എ ഇ ഒ വഴിയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ആയിരക്കണക്കിന് വിദ്യാര്‍ഥി പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന മേളകളുടെ നടത്തിപ്പുസമയത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് അനാസ്ഥയാണന്ന് ആരോപണമുണ്ട്.

Latest