Connect with us

Kozhikode

സംസ്ഥാനത്തെ ആദ്യ ഓട്ടോമാറ്റിക് ഹൈടെക് കൃഷി ഫാം ഉദ്ഘാടനം നാളെ

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ഹൈടെക് കൃഷി ഫാമിന്റെ ഉദ്ഘാടനം നാളെ കൃഷി മന്ത്രി കെ പി മോഹനന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാപ്പാട് എവര്‍ഗ്രീന്‍ ഹൈടെക് കൃഷിഫാമിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. സ്വയം പ്രവര്‍ത്തിക്കുന്ന താപ- പ്രകാശ നിയന്ത്രിതമായ പോളി ഹൗസ് ഹൈടെക് ഓട്ടോമാറ്റിക് കൃഷിഫാം കേരളത്തിലാദ്യമായാണ് ആരംഭിക്കുന്നത്.
ഫെര്‍ട്ടികിറ്റ് 3ജി എന്ന സമ്പൂര്‍ണ ഓട്ടോമാഷന്‍ സിസ്റ്റമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കാപ്പാട് സ്വദേശി കല്ലറക്കല്‍ അബ്ദുര്‍റസാഖാണ് പുതിയ സംവിധാനത്തിലൂടെ കൃഷി ചെയ്തിരിക്കുന്നത്. കീടനാശിനികള്‍ ഉപയോഗിക്കാതെ കൃഷി ചെയ്യാവുന്ന സംവിധാനമാണിത്. വെള്ളവും വളവും കൃത്യമായ അളവില്‍ വേരുപടലത്തില്‍ നേരിട്ട് സൂക്ഷ്മജല സേചനം വഴി എത്തിക്കുന്നു. അതു വിളയും ഏതു കാലത്തും കാലാവസ്ഥാ ഭേദമന്യേ കൃഷി ചെയ്യാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. തുറസായ സ്ഥലത്ത് വളര്‍ത്തുന്ന വിളകളേക്കാള്‍ 250 ശതമാനത്തിലേറെ ഉത്പാദനം ലഭിക്കുകയും ചെയ്യുമെന്ന് കല്ലറക്കല്‍ അബ്ദുര്‍ റസാഖ് പറഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണ് കൃഷിഫാമില്‍ ഉപയോഗിക്കുന്നത്. ഈ യന്ത്രസംവിധാനം ഉപയോഗിച്ച് ഒരേ സമയം നാല് വ്യത്യസ്ഥ വിളകള്‍ 50 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യാം. യന്ത്രത്തിന് മാത്രമായി 18 ലക്ഷം രൂപ വിലവരും.
ഇതിന്റെ സ്ട്രക്ചര്‍ നിര്‍മ്മാണ തുകയുടെ 75 ശതമാനം സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സബ്‌സിഡിയായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ ദാസന്‍ എം എല്‍ എ അധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ പ്രതാപന്‍ വിഷയാവതരണം നടത്തും. അഗ്രികള്‍ച്ചറല്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ മോഹന്‍, വി രവിചന്ദ്രന്‍, എസ് മുരുകാനന്ദന്‍, ടി ശിവദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.