Connect with us

Editorial

തിരുനെല്‍വേലിയിലെ പൈശാചികത

Published

|

Last Updated

റാഗിംഗിന് തിരുനെല്‍വേലിയില്‍ ഒരു രക്തസാക്ഷി. സാധാരണ റാഗിംഗിനിരയാകുന്ന വിദ്യാര്‍ഥികളാണ് സീനിയേഴ്‌സിന്റെ ക്രൂരമായ പീഡനത്തിനും മര്‍ദനത്തിനുമൊടുവില്‍ മരണപ്പെടുന്നതെങ്കില്‍ തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ പ്രിന്‍സിപ്പലാണ് റാഗിംഗ് തടഞ്ഞതിന്റെ പേരില്‍ ഇന്നലെ കാലത്ത് വധിക്കപ്പെട്ടത്. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് ഏതാനും സീനിയര്‍ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതില്‍ ക്ഷുഭിതരായാണ് മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇന്നലെ കാലത്ത് കോളജിലെത്തിയ ഉടനെ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നത്.
നവാഗതരായ വിദ്യാര്‍ഥികളെ പരിചയപ്പെടല്‍ എന്ന നിരുപദ്രവകരമായ ഒരു ചടങ്ങില്‍ നിന്ന് ആരംഭിച്ച റാഗിംഗ് ഇന്ന് തനി പൈശാചികവും കാട്ടാളത്തരവുമായി മാറിയിരിക്കയാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കൊപ്പം ലൈംഗിക ആഭാസത്തരങ്ങളും ഇപ്പേരില്‍ അരങ്ങേറുന്നുണ്ട്. സീനിയോറിറ്റിയുടെയും സംഘടനാ ബലത്തിന്റെയും പിന്‍ബലത്തില്‍ നടക്കുന്ന ഈ ക്രൂരവിനോദത്തിനിരയായതിനാല്‍ പഠനം നിര്‍ത്തിയവരും മനോനില തെറ്റിയവരും ജീവന്‍ നഷടപ്പെട്ടവരുമായ വിദ്യാര്‍ഥികള്‍ ഏറെയാണ്. രാജ്യത്ത് വര്‍ഷം തോറും 250 റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 20 കുട്ടികള്‍ക്കെങ്കിലും ഇതുമുലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പുറംലോകം അറിയുന്ന സംഭവങ്ങള്‍. പല റാഗിംഗ് കേസുകളും പ്രത്യാഘാതം ഭയന്ന് ഇരകള്‍ പുറത്തു പറയാറില്ല. വെളിപ്പെടുത്തിയാല്‍ റാഗിംഗ് നടത്തിയ വിദ്യാര്‍ഥികളുടെ പ്രതികാര നടപടികള്‍ക്ക് പുറമേ മാനേജ്‌മെന്റിന്റെ ഭീഷണിയും നേരിടേണ്ടി വന്നേക്കും. മാനേജ്‌മെന്റിന് മാനക്കേടും ദുഷ്‌പ്പേരുമാണെന്നതിനാല്‍ സംഭവം പുറത്തു പറയരുതെന്ന് അവര്‍ നിര്‍ബന്ധിക്കും. പരീക്ഷയില്‍ തോല്‍പ്പിക്കല്‍, സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കല്‍ തുടങ്ങിയ ഭീഷണികള്‍ മുഴക്കി വിവരം പുറത്തു പറയുന്നതില്‍ നിന്ന് ഇരകളെ മാനേജ്‌മെന്റ് തടയാന്‍ ശ്രമിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട.്
ചുരുക്കമെങ്കിലും ചില സ്ഥാപനങ്ങളില്‍ അധ്യാപകരും റാഗിംഗിന് കൂട്ടുനില്‍ക്കുന്നു. ഗുജറാത്തിലെ എം എസ് യൂനിവേഴ്‌സിറ്റിയില്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് റാഗ് ചെയ്തതിന് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ പ്രൊഫസര്‍ മായുര്‍ ഗുപ്തര്‍ധ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു.
ഉന്നത സ്ഥാപനങ്ങളില്‍ തുടക്കമിട്ട ഈ പൈശാചികത ഇന്ന് താഴേക്കിട സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു വരുന്നു. ബംഗാളിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ മാസം ഏഴാം ക്ലാസുകാരന്റെ റാഗിംഗിനിരയായി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പത്തുവയസ്സുകാരി മരിച്ചിരുന്നു. ഇന്നിപ്പോള്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കോ അധ്യാപകര്‍ക്കോ ചോദ്യം ചെയ്തു കൂടാത്ത വിധം സീനിയേഴ്‌സിന്റെ അവകാശമായി റാഗിംഗ് മാറിയോ എന്ന ആശങ്ക ഉയര്‍ത്തിയിരിക്കയാണ് തിരുനെല്‍വേലിയിലെ ഇന്നലത്തെ സംഭവം.
രാജ്യത്ത് റാഗിംഗ് വിരുദ്ധ നിയമം ആവിഷ്‌കരിച്ചു നടപ്പാക്കുകുയം ഒരു റാഗിംഗ് കേസില്‍ സുപ്രീംകോടതി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കഠിന ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഈ കിരാതത്വം വിദ്യാലയങ്ങളില്‍ തുടരുകയാണ്. വിദ്യാര്‍ഥി സംഘടനകളേറെയുണ്ട് നമ്മുടെ നാട്ടില്‍. തൊട്ടതിനൊക്കെ സമരം ചെയ്യുന്ന ഇവര്‍ റാഗിംഗിനെതിരെ പ്രതികരിക്കാനും രംഗത്തുവരാനും മടിക്കുന്നുവെന്നു മാത്രമല്ല, യൂനിയനുകളുടെ സംഘശക്തി ഉപയോഗിച്ചു റാഗിംഗ് വീരന്മാരെ സംരക്ഷിക്കാന്‍ മുതിരുകയും ചെയ്യുന്നു. റാഗ് ചെയ്തതിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയരായ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂനിയനുകള്‍ രഗത്തുവന്ന സംഭവങ്ങളേറെയാണ്.
നിയമം കൊണ്ടു മാത്രം റാഗിംഗ് തടയാനാകില്ല. മാനേജ്‌മെന്റുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിയമപാലകരുടെയും സര്‍വോപരി വിദ്യാര്‍ഥി സംഘടകളുടെയും കൂട്ടായ ശ്രമം ഇതിനാവശ്യമാണ്. റാഗിംഗില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുകുയും രക്ഷിതാക്കളും വിദ്യാര്‍ഥി യൂനിയനുകളും അതിന് പിന്തുണ നല്‍കുകയും ചെയ്താല്‍ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാവുന്നതാണ്. ഒപ്പം വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധം വളര്‍ത്തുകയും വിദ്യാലയങ്ങളില്‍ ധാര്‍മികാന്തരീക്ഷം നിലനിര്‍ത്തുകയും വേണം. ധാര്‍മിക ബോധത്തിന്റെ അഭാവമാണ് വിദ്യാര്‍ഥികളിലെ കുറ്റ വാസനകളുടെയും പീഡനതത്പരത യുടെയും മുഖ്യകാരണം.

Latest