Connect with us

Articles

കട പൂട്ടല്‍ ഉദ്ഘാടനം ഇന്ന്‌

Published

|

Last Updated

കട ഉദ്ഘാടനം. നഗരത്തിന്റെ ഹൃദയഭാഗത്താണ്. പുറത്തു നിന്ന് നോക്കിയാല്‍ ചെറിയ കട. അകത്ത് അതിവിശാലമായ ഷോറൂം. ഉദ്ഘാടകന്‍ സിനിമാ താരമാണ്. തീര്‍ച്ചയായും വരണം. ഓഫറുണ്ട്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ.
കടക്ക് ചുറ്റും അലങ്കാരങ്ങള്‍. വരുന്നവര്‍ക്ക് ഇളനീര്‍ വെള്ളം, ലഡു. ഇതൊക്കെ നടക്കണമെങ്കില്‍ നല്ല കാശ് വേണം.
നാലാള്‍ അറിയുന്നത് ഉദ്ഘാടനം മാത്രമാണ്. അവസാനം കടം കയറി കട പൂട്ടുന്നു. ആരുമറിയുന്നില്ല അന്ത്യ യാത്ര. ആളുകളില്ലാതെ, ആരവങ്ങളില്ലാതെ, അവസാന പൂട്ട് വീഴുന്നു.
നാട്ടിന്‍പുറത്തെ കലാസമിതികളും ഇങ്ങനെത്തന്നെ. നല്ലൊരു തുടക്കമായിരിക്കും അതിനും ഉണ്ടായിരിക്കുക. സ്വാഗതം, അധ്യക്ഷന്‍ തുടങ്ങി നന്ദി വരെ. അതിഥികള്‍ക്ക് ബൊക്കെ കൊടുക്കുന്നു. സാഹിത്യകാരന്‍ നീണ്ടുനിവര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമത്തിന്റെ കെടാവിളക്കായ ക്ലബേ…ആഹ്ലാദം അലയടിക്കുന്ന അന്തരീക്ഷത്തില്‍ കൈയടികള്‍, വെടിക്കെട്ടുകള്‍…
പിന്നീട് അവയുടെ പ്രവര്‍ത്തനം എന്തെന്ന് ആരുമറിയുന്നില്ല. ചിലപ്പോള്‍ രണ്ടോ, മൂന്നോ വാര്‍ഷികങ്ങള്‍ നടത്തിയാലായി. സൗജന്യ കണ്ണ് പരിശോധനയും ഓണത്തിനോ പെരുന്നാളിനോ കലാപരിപാടികളും. തീര്‍ന്നു. പിന്നെ നീണ്ട നിശ്ശബ്ദതയാണ്. ബോര്‍ഡിലെ അക്ഷരങ്ങള്‍ ഓരോന്നായി മായുന്നു. രക്ഷാധികാരി എവിടെ? പ്രസിഡന്റ് എങ്ങു പോയി? സെക്രട്ടറിയുടെ കാര്യം…ആരുമറിയുന്നില്ല അന്ത്യയാത്ര. റീത്തുകളില്ലാതെ, അനുശോചനയോഗങ്ങളില്ലാതെ, പത്രത്തില്‍ ഒരു വരി വാര്‍ത്തയില്ലാതെ മറഞ്ഞു പോകുന്നു, ഒരുകാലത്ത് നാടിന് ഉണര്‍വ് പകര്‍ന്നു നല്‍കിയ കലാസമിതി …
പാര്‍ട്ടികളുടെ കാര്യവും അങ്ങനെത്തന്നെ. ആദ്യ കണ്‍വെന്‍ഷന്റെ ആവേശം പിന്നീടുണ്ടാകുന്നില്ല. പാലും തേനും ഒഴുകുന്ന ഒരു നല്ല നാളേക്കായി നാട്ടുകാരേ, അണിചേരുവിന്‍. പ്രസംഗങ്ങള്‍, പ്രഖ്യാപനങ്ങള്‍, കൈയടികള്‍. ഭാരവാഹികളെ കണ്ടെത്തുന്നു. അനുയായികളായി പിന്നെയാരാണ് ബാക്കിയുള്ളത്. നോട്ടീസ് ഒട്ടിക്കാന്‍ പോലും ആളില്ലാതെ ഇത്തരം പാര്‍ട്ടികള്‍.
നാലഞ്ച് ധര്‍ണ, ഒന്നോ, രണ്ടോ വാഹനപ്രചാരണ ജാഥ, അനുശോചനയോഗങ്ങളിലെ പ്രാതിനിധ്യം, തിരഞ്ഞെടുപ്പില്‍ ചില മത്സരങ്ങള്‍, യോഗങ്ങള്‍ ചായ കുടിച്ച് പിരിയാന്‍ മാത്രം. ചെറുപ്പത്തിലേ വാര്‍ധക്യത്തിലെത്തുന്നു ഇത്തരം ടീ പാര്‍ട്ടികള്‍!
നാട്ടുകാരുടെ ഓര്‍മയില്‍ നിന്ന് മായുന്നു പാര്‍ട്ടി. പിന്നെപ്പിന്നെ ഭാരവാഹികളുടെ ഓര്‍മയിലുമുണ്ടാകില്ല സ്വന്തം പാര്‍ട്ടി. ഓര്‍മ തീരെ ഇല്ലാതാകുമ്പോള്‍ ഇതുവരെ ഭാരം വഹിച്ചവര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക്…
കടയും കലാസമിതിയും പാര്‍ട്ടികളും പൂട്ടിപ്പോകുമ്പോഴും വേണം ഉദ്ഘാടനം. വേണ്ടപ്പെട്ടവരെ ക്ഷണിച്ചു വരുത്തി ഒരു ചടങ്ങ്.
ഉദ്ഘാടനം ചെയ്തവര്‍ തന്നെയായാല്‍ നന്ന്. ഓര്‍മകള്‍ അയിറക്കാന്‍ ഒരവസരം. സമ്മാനങ്ങളുമാകാം. കലാസമിതിക്കാണെങ്കില്‍ ചവിട്ടുനാടകം. പാര്‍ട്ടിക്കാര്‍ക്ക് അവസാനത്തെ പന്തം കൊളുത്തി പ്രകടനവുമാകാം.
“”പ്രിയപ്പെട്ടവരേ, ഇതിന്റെ ഉദ്ഘാടനത്തിനും എന്നെത്തന്നെ വിളിച്ച ഇതിന്റെ സംഘാടകരോടുള്ള നന്ദി അറിയിച്ചു കൊണ്ട് ഈ കട പൂട്ടല്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു…””

nanuayancheri@gmail.com