Connect with us

Eranakulam

ഒരു കിലോ സ്വര്‍ണം കടത്താന്‍ മാധവന് ഫയാസ് നല്‍കിയത് കാല്‍ ലക്ഷം വീതം: സി ബി ഐ

Published

|

Last Updated

കൊച്ചി: ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റ് കടത്തിക്കൊണ്ടുവരുന്നതിന് പ്രത്യുപകാരമായി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനും പ്രിവന്റീവ് ഓഫീസര്‍ പി പി അനില്‍കുമാറിനും ഫയാസില്‍ നിന്ന് ലഭിച്ചിരുന്ന കമ്മീഷന്‍ 25,000 രൂപ വീതം. ഇരുവരുടെയും ഒത്താശയോടെ ഫയാസും സംഘവും നെടുമ്പാശേരി വിമാനത്താവളം വഴി 36 കിലോ സ്വര്‍ണം കടത്തിയെന്നും ഇതിനുള്ള കമ്മീഷനായി. ലക്ഷക്കണക്കിന് രൂപ ഫയാസില്‍ നിന്ന് ഇരുവരും കൈപ്പറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേക സി ബി ഐ കോടതിയെ അറിയിച്ചു. ബുധനാഴ്ച അറസ്റ്റ് ചെയ്ത മാധവനെയും സുനില്‍കുമാറിനെയും ഇന്നലെ പ്രത്യേക സി ബി ഐ കോടതിയില്‍ ഹാജരാക്കി. മാധവനെ വിശദമായ ചോദ്യം ചെയ്യലിനായി ഇന്ന് വൈകുന്നേരം വരെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. സുനില്‍കുമാറിനെ റിമാന്‍ഡ് ചെയ്തു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഫയാസ് സ്വര്‍ണം കടത്തിയിരുന്നതെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. എന്നാല്‍ ഇവരോട് പറയുന്നതിനേക്കാള്‍ വളരെ കൂടിയ അളവില്‍ സ്വര്‍ണം ഫയാസ് കടത്തിയിരുന്നുവെന്നും ഇങ്ങനെ കൈക്കൂലി പണത്തില്‍ പോലും വെട്ടിപ്പ് നടത്തിയെന്നും സി ബി ഐ പറയുന്നു. 20 കിലോ സ്വര്‍ണം കടത്തിയപ്പോള്‍ ഫയാസ് മാധവനെയും സുനില്‍കുമാറിനെയും അറിയിച്ചിരുന്നത് നാല് കിലോ സ്വര്‍ണമാണ് കടത്തുന്നതെന്നായിരുന്നു. ഇതിന് കൈക്കൂലിയായി ലഭിച്ചത് രണ്ട് ലക്ഷത്തോളം രൂപയായിരുന്നു. ആഗസ്റ്റിലും സെപ്തംബറിലുമായി 8.86 കോടി രൂപയുടെ സ്വര്‍ണം ഫയാസ് നെടുമ്പാശേരി വഴി കടത്തി. പണത്തിന് പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എല്‍ ഇ ഡി ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും സമ്മാനിച്ചു. മാധവന് ഫയാസ് നല്‍കിയ 42 ഇഞ്ചിന്റെ എല്‍ ഇ ഡി ടെലിവിഷന്‍ സി ബി ഐ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പ്രതികളായ ഹാരിസ്, ആരിഫ, ആസിഫ എന്നിവരില്‍ നിന്ന് പിടികൂടിയ എല്‍ ഇ ഡി ടെലിവിഷന്‍ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സഞ്ജയ്കുമാര്‍ സോണിക്ക് നല്‍കാനായി കൊണ്ടുവന്നതാണെന്ന് ഫയാസ്‌സി ബി ഐക്ക് മൊഴി നല്‍കി. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സോണിക്ക് നല്‍കാന്‍ ഫയാസ് ടി വി കൊണ്ടുവന്നത്. സുനില്‍കുമാറിന് വീടു പണിയുന്നതിന് സാമ്പത്തിക സഹായം നല്‍കാമെന്നും ഫയാസ് വാക്കു നല്‍കിയിരുന്നുവെന്ന് സി ബി ഐ പറയുന്നു.
അതേസമയം സി ബി ഐയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സി മാധവനും സുനില്‍കുമാറും കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തനിക്കെതിരെ ഇത്തരത്തില്‍ ഒരാരോപണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും കസ്റ്റംസിലെ കള്ളക്കടത്ത് വിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന തനിക്ക് മികച്ച സേവനത്തിന് 2012ലെ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് ലഭിച്ചിട്ടുള്ളതാണെന്നും മാധവന്‍ വാദിച്ചു. എന്നാല്‍ മാധവനും ഫയാസുമായുള്ള ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തേക്കാണ് മാധവനെ സി ബി ഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. വെള്ളിയാഴ്ച നാല് മണിക്ക് മാധവനെ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സുനില്‍കുമാറിനെ അടുത്ത വ്യാഴാഴ്ച വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷകള്‍ കോടതി ഇന്ന് പരിഗണിക്കും. ഫയാസ്, ആരിഫ, ആസിഫ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്.