Connect with us

Kozhikode

മാറാട് കൂട്ടക്കൊലക്കേസ് സര്‍ക്കാര്‍ നിലപാടുകള്‍ വിശദീകരിച്ച് ധവളപത്രം ഇറക്കണം: ബി ജെ പി

Published

|

Last Updated

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ബിജെ പി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി മുന്നോട്ടു വരണം. മാറാട് നടന്ന ഏകപക്ഷീയ കൂട്ടക്കൊലയിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്, ഭീകരവാദ-പുറംലോക ബന്ധങ്ങള്‍ എന്നിവ സി ബി ഐ അന്വേഷിക്കണമെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതാണ്.
കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളും ശിപാര്‍ശകളും ക്യാബിനറ്റ് അംഗീകരിക്കുകയും കേരളത്തിലെ ഇടതു-വലതു മുന്നണികളും ഭരണകൂടങ്ങളും നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അംഗീകരിക്കപ്പെട്ട് സി ബി ഐ അന്വേഷണ ശ്രമം ഭരണകൂട അട്ടിമറിയില്‍ കുഴിച്ചുമൂടപ്പെട്ടുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നിശ്ചലമാക്കപ്പെട്ടതു സംബന്ധിച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം.സി ബി ഐ അന്വേഷണത്തിനു ബദലായി ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീം അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ട് വന്‍തുക ചിലവഴിച്ചിട്ടുണ്ടെങ്കിലും അന്വേഷണം കഴിഞ്ഞ നാല് വര്‍ഷമായി തുടങ്ങിയിടത്തു തന്നെയാണെന്നും ശീധരന്‍പിള്ള കുറ്റപ്പെടുത്തി.