Connect with us

Ongoing News

ആയൂര്‍വേദ കോളജ്: 104 സീറ്റുകളിലേക്ക് ഒരു അലോട്ട്‌മെന്റ് കൂടി അനുവദിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ആയൂര്‍വേദ കോളജുകളില്‍ ഒഴിവുള്ള 104 സീറ്റുകളിലേക്ക് ഒരു അലോട്ട്‌മെന്റ് കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓപ്ഷന്‍ നിലനിര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കായിരിക്കും ഒരു അലോട്ട്‌മെന്റ് കൂടി അനുവദിക്കുക.
മൂന്ന് അലോട്ട്‌മെന്റ്പൂര്‍ത്തിയായ ശേഷവും സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള 47 സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കും. മാനേജ്‌മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ഒഴിവുകളിലേക്ക് വിദ്യാര്‍ഥികള്‍ മാറുമ്പോള്‍ സ്വാശ്രയ ആയൂര്‍വേദ കോളജുകളില്‍ വരുന്ന ഒഴിവുകളിലേക്ക് പൊതുപ്രവേശ പരീക്ഷാകമ്മീഷണറുടെ പട്ടികയില്‍ നിന്ന് നാലാമത്തെ അലോട്ട്‌മെന്റ് നടത്താനും തീരുമാനിച്ചു. ഈമാസം 23നകം പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. മൂന്ന് അലോട്ട്‌മെന്റിന് ശേഷം സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശത്തിനായി കാത്തിരുന്ന വിദ്യാര്‍ഥികളുടെ ഉയര്‍ന്ന ഓപ്ഷന്‍ റദ്ദാക്കുകയും റാങ്ക് പട്ടികയില്‍ ഇവരുടെ പിറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രവേശം നല്‍കാനുമുള്ള സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ മാനേജ്‌മെന്റ് പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചത്. മാനേജ്‌മെന്റുകളുമായി നേരത്തെ ഒപ്പുവെച്ച കരാറിനെ തുടര്‍ന്ന് മൂന്ന് അലോട്ട്‌മെന്റ് പൂര്‍ത്തിയായതോടെ സ്വാശ്രയ കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവ് വരുമ്പോള്‍ പ്രവേശം നേടാനായി നിലനിര്‍ത്തിയ ഉയര്‍ന്ന ഓപ്ഷന്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ സ്വാശ്രയ കോളജുകളില്‍ മൂന്ന് അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വരുന്ന സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കണമെന്ന കരാറിലെ വിവാദ വ്യവസ്ഥ മാറ്റമില്ലാതെ തുടരും. ഇതുപ്രകാരമാണ് ഒഴിവുള്ള 47 മെറിറ്റ് സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കുന്നത്. ഈ സീറ്റുകളിലേക്കും എന്‍ട്രന്‍സ് കമ്മീഷണറുടെ പട്ടികയില്‍ നിന്ന് തന്നെയായിരിക്കും പ്രവേശം.

 

---- facebook comment plugin here -----

Latest