Connect with us

Ongoing News

കോര്‍പറേറ്റ് ലോകം നിശ്ചയിച്ച വിരമിക്കല്‍

Published

|

Last Updated

(സച്ചിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് 2012 ഡിസംബര്‍ 15ന് സിറാജ് പ്രസിദ്ദീകരിച്ച ലേഖനം പുനര്‍വായനക്ക്)

SACHIN WITH KAPILബൂസ്റ്റ് ഈസ് ദ സീക്രറ്റ് ഓഫ് മൈ എനര്‍ജി – എണ്‍പതുകളുടെ അവസാനത്തില്‍ കപില്‍ദേവ് എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ഈയൊരു പരസ്യവാചകവുമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കപില്‍ദേവിനൊപ്പം ഒരു പയ്യനും ഇതേ പരസ്യവാചകം ആവര്‍ത്തിച്ചു: ബൂസ്റ്റ് ഈസ് ദ സീക്രറ്റ് ഓഫ് മൈ എനര്‍ജി. കപിലിനൊപ്പമുള്ള യുവതാരം ആരാണെന്ന് അന്ന് പലര്‍ക്കും വ്യക്തതയില്ലായിരുന്നു. “കപിലിന്റെ അതേ ഛായ. ഇത് മൂപ്പരുടെ മോനാണ് ” – എന്ന് പറഞ്ഞുകളഞ്ഞ വിദ്വാന്‍മാര്‍ വരെ നാട്ടിലുണ്ടായിരുന്നു. അധികം താമസിയാതെ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എനര്‍ജിവാഹകനായി മാറിയ ആ യുവാവിനെ നാടറിഞ്ഞു, ഇന്ത്യയറിഞ്ഞു, ലോകമറിഞ്ഞു – സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍.

ക്രിക്കറ്റില്‍ ഉയരങ്ങളുടെ പടവുകള്‍ ഓരോന്നായി താണ്ടുമ്പോള്‍ സച്ചിനെ സ്വന്തമാക്കാന്‍ കോര്‍പറേറ്റ് ലോകത്ത് യുദ്ധം നടക്കുകയായിരുന്നു. ഇന്ത്യന്‍ ജനതയെ മുഴുവന്‍ സ്വാധീനിക്കാന്‍ പോന്ന മാസ്മരിക വ്യക്തിത്വമായി സച്ചിന്‍ മാറുന്നുവെന്ന നഗ്നസത്യമായിരുന്നു കോര്‍പറേറ്റുകളുടെ ഉറക്കം കെടുത്തിയത്. കോടികള്‍ സച്ചിന് മുന്നില്‍ ഒഴുകി. ക്രിക്കറ്റിലെ കോടീശ്വരനായി സച്ചിന്‍ മാറുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കണ്ണ് തള്ളിയിട്ടുണ്ട്- ക്രിക്കറ്റിന്റെ വിപണിമൂല്യം സച്ചിനിലൂടെ അവര്‍ തിരിച്ചറിയുകയായിരുന്നു. ഒപ്പം ഇന്ത്യ എന്ന വലിയ ക്രിക്കറ്റ് വിപണി സാമ്രാജ്യത്തെയും. ലോകത്തെ പണക്കൊഴുപ്പുള്ള കായിക സംഘടനകളിലൊന്നായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി സി സി ഐ) എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഭരണകൂടം മാറിയതിന് പിറകിലും സച്ചിന്‍ തന്നെ.

pepsi-bigb-&-sachin1983 ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചത് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരം നല്‍കി. എന്നാലും, അതിന്റെ വേരോട്ടം സച്ചിന്‍ എന്ന വികാരത്തിലൂന്നിയായിരുന്നു. സച്ചിന്‍ ഔട്ടായാല്‍ ടി വി ഓഫ് ചെയ്ത് ജനം അവരവരുടെ ജോലിത്തിരക്കിലേക്ക് പോകുന്ന കാലമുണ്ടായിരുന്നു. സച്ചിന്‍ സെഞ്ച്വറിയിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുന്ന അര്‍ധരാത്രിയുടെ ആവേശമായിരുന്നു ഏവരിലും. പാക്കിസ്ഥാനെതിരെ ആയാല്‍ കേമമായി. തെരുവുകളില്‍ പടക്കം പൊട്ടും, മധുരവിതരണം നടക്കും.

രാജ്യമൊന്നടങ്കം പടരുന്ന വികാരമായിസച്ചിന്‍ മാറിയപ്പോള്‍ കോര്‍പറേറ്റുകള്‍ സച്ചിനെ ദത്തെടുത്തു. ടി വി തുറന്നാല്‍ സച്ചിന്‍ ഇല്ലാത്ത പരസ്യം കാണാന്‍ സാധിക്കുമായിരുന്നോ, തൊണ്ണൂറുകളിലും കഴിഞ്ഞ ദശകത്തിന്റെ പാതിവരെയും.

ഒരു കായിക താരത്തിന്റെ കരിയര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നത് ഇന്നൊരു പക്ഷേ കോര്‍പറേറ്റ് ലോകമായിരിക്കും. ക്രിക്കറ്റ് താരത്തിന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകള്‍, സമൂഹത്തില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആ താരത്തിനുള്ള സ്വാധീനം. ഇതെല്ലാം കമ്പനികളുടെ മാര്‍ക്കറ്റിംഗ് സ്റ്റഡി വിഭാഗം ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റ് കോളമിസ്റ്റിനെ എന്ന പോലെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സച്ചിന്റെ കാലം അവസാനിച്ചുവെന്ന് ആദ്യം വിളംബരം ചെയ്തത് കോര്‍പറേറ്റ് ലോകം തന്നെ.

മഹേന്ദ്ര സിംഗ് ധോണിയുടെ കീഴില്‍ യുവനിര ടി20 ലോകകിരീടം നേടിയതിന് ശേഷം പരസ്യവിപണിയില്‍ യുവതരംഗമായിരുന്നു. ഇരുപതോവര്‍ മത്സരത്തില്‍ സച്ചിന്‍ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യു കുറച്ചു. ധോണിക്കായിരുന്നു റേറ്റിംഗ് കൂടുതല്‍. പരസ്യത്തിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന താരമായി ധോണി മാറി,സച്ചിന്‍ പിന്തള്ളപ്പെട്ടു. ക്രിക്കറ്റ് പിച്ചിലും സച്ചിന് ഇനി അധികനാളുകള്‍ ഇല്ല എന്ന സൂചനയായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന് ഇന്ത്യ രണ്ടാമത്തെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. ലോകകപ്പ് നേടുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് സച്ചിന്‍ ലോകകപ്പിന് മുമ്പ് പറഞ്ഞിരുന്നു. കരിയറില്‍ ഇനിയൊന്നും നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലോകകപ്പിന് ശേഷവും. ഇത് രണ്ടും കൂട്ടിവായിച്ചു നോക്കൂ- ലോകകപ്പോടെ വിരമിക്കാന്‍ സച്ചിന്‍ ആഗ്രഹിച്ചിരുന്നുവെന്നല്ലേ പച്ചമലയാളം. പിന്നീടുള്ള സച്ചിന്റെ പ്രകടനം സ്വയംഅര്‍പ്പിച്ചിട്ടുള്ളതല്ലായിരുന്നു.

മറ്റാര്‍ക്കോ വേണ്ടി കളിക്കുന്നത് പോലെ. ബൗള്‍ഡാകുന്ന പതിവില്ലാത്ത സച്ചിന്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കു മുന്നില്‍ തുടരെ ബൗള്‍ഡായി. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നിലും നമ്മള്‍ കണ്ടത് ഡ്യൂപ്ലിക്കേറ്റ് സച്ചിനെ ആയിരുന്നു. എന്തിനാണ്, ഇത്രയും പ്രതിഭാധനനായ ഒരാള്‍ ഈ വിധം പറയിപ്പിച്ചത്? സ്വയം അര്‍പ്പിക്കാനുള്ള മനസ്സില്ലെങ്കില്‍ അദ്ദേഹമെന്തിന് ക്രിക്കറ്റില്‍ തുടര്‍ന്നു? ഉത്തരം വളരെ ലളിതമാണ്-കോര്‍പറേറ്റ് ഭീമന്‍മാരുടെ താത്പര്യം. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഫിനാല്‍ഷ്യല്‍ അഡൈ്വസര്‍മാര്‍ക്ക് മുന്നില്‍ വെക്കാറുള്ളതു പോലൊരു ടാര്‍ഗറ്റ് സച്ചിന് മുന്നിലും ഉണ്ടായിരുന്നു- നൂറ് സെഞ്ച്വറികള്‍! അതിന്റെ ആരവത്തില്‍ സച്ചിനെ വെച്ച് ചിത്രീകരിച്ച പരസ്യങ്ങള്‍ അവര്‍ക്ക് പുറത്തിറക്കണം. മാര്‍ക്കറ്റ് പിടിക്കണം..!

1998 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ പരുക്കുമായി ബ്രസീല്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ കളിക്കാനിറങ്ങിയതും വേദനസംഹാരിയുടെ ആധിക്യത്താല്‍ മത്സരശേഷം അപസ്മാരമിളകിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആ സംഭവം റൊണാള്‍ഡോയെ വിഷാദരോഗിയാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തിനായിരുന്നു റൊണാള്‍ഡോ പരുക്കുമായി കളിക്കാനിറങ്ങിയത്? ്‌നൈക്കി എന്ന ആഗോളസ്‌പോര്‍ട്‌സ് കമ്പനിയുടെ നിര്‍ബന്ധം. റൊണാള്‍ഡോയുടെ സ്‌പോണ്‍സര്‍ നൈക്കി ആയിരുന്നു. ബ്രസീലിന്റെ ടീം ലൈനപ്പ് തീരുമാനിക്കുന്നതില്‍ ആ കോര്‍പറേറ്റ് സ്ഥാപനത്തിന് പങ്കുണ്ടായിരുന്നു. സച്ചിന്‍ ഫോം ഔട്ടായപ്പോള്‍ പോലും ടീമിന് പുറത്തുപോകാതിരുന്നതിന് പിറകിലെ രഹസ്യവും മറ്റൊന്നല്ല. ബി സി സി ഐ നിയന്ത്രിക്കാന്‍ പോന്ന കോര്‍പറേറ്റ് ശക്തികളായിരുന്നു സച്ചിന്റെ പ്രോത്സാഹകര്‍. തിരക്കു പിടിച്ച കരിയറിനിടയില്‍ മറന്നു പോകാറുള്ള പിറന്നാള്‍ ദിനം സച്ചിനെ ഓര്‍മപ്പെടുത്തുന്നത് ലോകകോടീശ്വരനായ മുകേഷ് അംബാനിയാണ്. അദ്ദേഹം സച്ചിന്റെ പിറന്നാള്‍ പാര്‍ട്ടി നടത്തുമ്പോള്‍ അതും വാര്‍ത്തയാകും-മില്യണ്‍ ഡോളര്‍ ന്യൂസ്.

ഇംഗ്ലണ്ടിനെതിരെ തുടര്‍ പരാജയമായപ്പോള്‍ സച്ചിന്‍ കളി മതിയാക്കൂ എന്ന് പറയാന്‍ എത്രപേരാണ് രംഗത്തെത്തിയത്. അവര്‍ക്കെല്ലാം മുമ്പില്ലാത്ത വിധം ധൈര്യം എവിടെ നിന്നുണ്ടായി എന്ന് സംശയം തോന്നി. സ്‌പോണ്‍സര്‍മാരുടെ വക്താക്കളായാണ് പലരും എത്തിയത്. രസകരമായി തോന്നിയത് ബി സി സി ഐ നിലപാടായിരുന്നു. മുമ്പ് സച്ചിനെ ശക്തമായി പിന്തുണച്ച ബി സി സി ഐ ഇത്തവണ സ്വരം മയപ്പെടുത്തി. സച്ചിന്‍ വിരമിക്കാറായിട്ടില്ല എന്നല്ല അവര്‍ പറഞ്ഞത്: വിരമിക്കല്‍ സച്ചിന്‍ തീരുമാനിക്കട്ടെ എന്നാണ്. സത്യത്തില്‍ ഇതൊരു അവഹേളനമാണ്. ഞങ്ങള്‍ക്ക് താത്പര്യമില്ല. സച്ചിനു വേണമെങ്കില്‍ കളിക്കട്ടെ എന്നതല്ലേ ഈ നിലപാടിന്റെ അകംപൊരുള്‍.

Sachinഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലോടെ പരസ്യവിപണിയില്‍ സച്ചിന്റെ സാന്നിധ്യം പാടെ ഇല്ലാതാകും. നിലവില്‍ സച്ചിനുമായി കരാറുള്ളവരൊന്നും തന്നെ അത് പുതുക്കാന്‍ താത്പര്യപ്പെടുന്നില്ല. ഐടിസിബിഎസ്ഇ, അഡിഡാസ്, അവൈവ, കാനന്‍, ജ്യോതി ലാബ്‌സ് എന്നിവര്‍ കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കി. കൊക്ക-കോള പോലുള്ള ആഗോളഭീമന്‍മാര്‍ ഇതിഹാസതാരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി വെക്കാറില്ല. യുവാക്കളുടെ ഹരമായി മാറുന്ന യുവതാരങ്ങളിലാണ് അവരെന്നും ശ്രദ്ധപതിപ്പിച്ചത്. സച്ചിന്‍ ഇനി കോള കുടിക്കാന്‍ പറയില്ലെന്ന് ഉറപ്പിക്കാം.

നിലവില്‍ പതിനേഴ് കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്‍. അഞ്ച് കോടി, എട്ട് കോടി വീതമാണ് ഓരോ കമ്പനിയും വാര്‍ഷികമൂല്യമായി സച്ചിന് നല്‍കുന്നത്. മിക്ക കരാറുകളും 2014 ല്‍ അവസാനിക്കുന്നതാണ്. “സച്ചിന്‍ യുവാക്കളുടെ പ്രതിനിധിയില്ല. അദ്ദേഹം പക്വമതിയായ താരത്തിന്റെ കാറ്റഗറിയിലാണ് വരിക. ബേങ്കിംഗ്,ഇന്‍ഷ്വറന്‍സ് മേഖലകള്‍ക്ക് യുവാക്കളായ പുതുതാരങ്ങളെയാണ് ആവശ്യം. പല കമ്പനികളും കരാര്‍ പുതുക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറല്ല” – വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് (സച്ചിന്റെ വിപണിമൂല്യം മാനേജ് ചെയ്യുന്നത് ഈ കമ്പനിയാണ്) ജോയിന്റ് എം ഡിയ ശൈലേന്ദ്ര സിംഗിന്റെ വാക്കുകള്‍.

അതേ, സമയമായിരിക്കുന്നൂ സച്ചിന്‍ എന്ന് പറഞ്ഞിരിക്കുന്നത് കോര്‍പറേറ്റ് ലോകമാണ്. പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ സച്ചിന്‍ പടിയിറങ്ങി. ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സമയവും അവര്‍ കുറിച്ചിട്ടുണ്ടാകും. ഫെബ്രുവരിയില്‍ ആസ്‌ത്രേലിയക്കെതിരെ നാല് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം സച്ചിന്‍ വിരമിച്ചേക്കുമെന്നാണ് നിലവിലുള്ള സൂചന.

എന്നാല്‍, വിരമിക്കുമ്പോള്‍ 198 ടെസ്റ്റുകള്‍ മാത്രമേ സച്ചിന്‍ പൂര്‍ത്തിയാക്കൂ. രണ്ടെണ്ണം കൂടി കളിച്ചാല്‍ ടെസ്റ്റില്‍ ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിച്ചാല്‍ സച്ചിന് ആ നേട്ടം സാധ്യമാകും. “200 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന സച്ചിന് ആശംസകള്‍ നേരാം” എന്ന പരസ്യവാചകം ഒന്നാലോചിച്ചു നോക്കൂ… ടെസ്റ്റില്‍ നിന്ന് മാസ്റ്റര്‍ബ്ലാസ്റ്ററുടെ വിരമിക്കല്‍ എന്നുണ്ടാകുമെന്ന് ഏകദേശ രൂപം കിട്ടിയില്ലേ….

വാല്‍ക്കഷ്ണം: സച്ചിന്‍ 200ാം ടെസ്റ്റിന് ശേഷം ക്രിക്കറ്റ് കരിയറിന് പൂര്‍ണവിരാമമിടുമെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു. വലിയൊരു ക്രിക്കറ്റ് യുഗം മാത്രമല്ല, ചൂടേറിയ വിരമിക്കല്‍ ചര്‍ച്ച കൂടിയാണ് ഇല്ലാതാകുന്നത്. സച്ചിന്റെ വിരമിക്കലിനെ കുറിച്ച് സച്ചിനല്ല സൂചന തന്നത്. ബി സി സി ഐയുടെയും കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെയും വക്താക്കള്‍ തന്നെ.

Latest