Connect with us

Kerala

സോളാര്‍ കേസ്: പരിഗണനാ വിഷയങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിഗണനാ വിഷയങ്ങളില്‍ ള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉടന്‍ ജഡ്ജിയെ വിട്ടുകിട്ടുമെന്നാണ് പ്രതിക്ഷ. സോളാര്‍ കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും  മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് കാര്യങ്ങളാണ് അന്വേഷിക്കുക. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടോ, കേസ് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ടോ, അന്വേഷണത്തില്‍ വീഴ് സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി, 2006 മുതലുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണം, കബളിപ്പിക്കാല്‍ തടയാന്‍ നിയമനിര്‍മാണം സാധ്യമാണോ എന്നീ വിഷയങ്ങളാണ് ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച ടേംസ് ഓഫ് റഫറന്‍സില്‍ പരാമര്‍ശമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരുമോ എന്ന ചോദ്യത്തിന് ഇതുസംബന്ധമായി ഉന്നയിക്കപ്പെട്ട എല്ലാ കാര്യങ്ങളും ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അതിന് തെളിവ് നല്‍കണമെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest