Connect with us

Malappuram

അരീക്കോട് കൂട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

മഞ്ചേരി: അരീക്കോട് കൂട്ടക്കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഭാര്യയെയും പിഞ്ചു മക്കളേയും വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തിയ കേസിന്റെ ചാര്‍ജ് ഷീറ്റ് മഞ്ചേരി സി ഐ. വി എ കൃഷ്ണദാസ് ഇന്നലെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍ മിനി മുമ്പാകെ സമര്‍പ്പിച്ചു. അരീക്കോട് വാവൂര്‍ കൂടംതൊടിക ശരീഫിനെതിരെയാണ് കുറ്റപത്രം. ശരീഫിന്റെ ഭാര്യ സ്വാബിറ (21), മക്കളായ ഫിദ (അഞ്ച്), ഹൈഫ (ഒന്നര) എന്നിവരാണ് കൊല്ലപ്പെട്ടത്. 2013 ജുലൈ 22ന് രാത്രി അരീക്കോട് എടവണ്ണപ്പാറ റോഡില്‍ ആലുക്കല്‍ അങ്ങാടിക്കടുത്ത് വെള്ളക്കെട്ടിലേക്ക് ബൈക്കോടിച്ചു വീഴ്ത്തിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പഴുതില്ലാത്തവിധം അന്വേഷണം പൂര്‍ത്തയാക്കി 77ാമത്തെ ദിവസമാണ് സി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പണത്തിനോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമവുമായിരുന്നു കടുംകൈക്ക് കാരണം. സി ആര്‍ പി സി 164 പ്രകാരം നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മഞ്ചേരി ജെ എഫ് സി എം കോടതി കുറ്റപത്രം പരിശോധിച്ച ശേഷം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യും. പ്രതി റിമാന്‍ഡിലുള്ളതിനാല്‍ റെക്കോര്‍ഡ് വേഗത്തില്‍ ചാര്‍ജ്ഷീറ്റ് ഫ്രെയിം ചെയ്യാനും വിചാരണ നടത്താനുമാകുമെന്ന് കരുതുന്നു.800 പേജ് വരുന്നതാണ് കുറ്റപത്രം, 123 സാക്ഷികള്‍, 116 രേഖകള്‍, അമ്പതോളം തൊണ്ടി മുതലുകള്‍ എന്നിവ കുറ്റപത്രത്തില്‍ തെളിവുകളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വീട്ടില്‍ രണ്ട് കാറുകളുണ്ടായിട്ടും മഴയുള്ള ദിവസം ബൈക്കെടുത്താണ് പ്രതി ഭാര്യയും കുട്ടികളുമായി കോഴിക്കോട്ടേക്ക് വസ്ത്രങ്ങളെടുക്കാന്‍ പോയത്. പോയ വഴിയല്ല തിരികെ വന്നത്. കൊലപാതകത്തിന് മുമ്പ് ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ ഇരുപത് ലക്ഷത്തിന് ഇന്‍ഷ്വറന്‍സ് എടുത്തിരുന്നു. ബൈക്ക് പഞ്ചറായതാണ് അപകട കാരണമെന്ന പ്രതിയുടെ മൊഴി തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. വെള്ളക്കെട്ടില്‍ വീണ മൂവരും വെള്ളം കുടിച്ചാണ് മരിച്ചത്. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ പോലും പ്രതി ശ്രമിച്ചില്ല. ഗ്രേഡ് എസ് ഐ മാരായ വിജയന്‍, ഗംഗാധരന്‍, സി ഐ മാരായ സുഭാഷ്, ഷീബ, ശഫീഖ്, മുജീബ്, പ്രജീഷ്, ശശി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ വേണ്ടി സംഭവം നടന്ന് 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.