Connect with us

Malappuram

നൈജീരിയന്‍ യുവാക്കള്‍ ഇന്ത്യ വിട്ടു; പോലീസിന് ആശ്വാസം

Published

|

Last Updated

കൊണ്ടോട്ടി: പുളിക്കല്‍ സ്വദേശിയായ ഡോക്ടറെ പറ്റിച്ച് 35 ലക്ഷം തട്ടിയ കേസുള്‍പ്പടെ രണ്ട് കേസില്‍ അറസ്റ്റിലായിരുന്ന നൈജീരിയന്‍ യുവാക്കള്‍ ഇന്ത്യ വിട്ടു. ജോണ്‍സണ്‍ നൊവീന്യോ ഉലാന്‍സൊ (37), മൈക്കിള്‍ ഒബിറോ മുസാബോ (37) എന്നിവരാണ് ഇന്നലെ ഉച്ചക്ക് കരിപ്പൂരില്‍ നിന്ന് ജെറ്റ് എയര്‍വെയ്‌സില്‍ മുംബൈയിലേക്കും അവിടെ നിന്ന് നൈജീരിയയിലേക്കും തിരിച്ചത്. കരിപ്പൂരില്‍ നിന്ന് ദുബൈ വഴി നൈജീരിയയിലേക്ക് കൊണ്ടുപോകുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യാത്രാ രേഖകള്‍ പൂര്‍ണമല്ലാത്തതിനാലാണ് മുംബൈ വഴി യാത്രയാക്കിയത്. 2010ലാണ് കേസിനാസ്പദമായ സംഭവം. രണ്ട് വര്‍ഷത്തോളം വിചാരണ തടവുകാരായി കഴിഞ്ഞ ഇവരെ കോടതി വെറുതെ വിട്ടു. പുറത്ത് വന്ന ഇവരെ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ കഴിഞ്ഞെന്ന കേസില്‍ കരിപ്പൂര്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസില്‍ ആറ് മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ തിരിച്ച് പോകാനായില്ല. നൈജീരിയന്‍ എംബസിയില്‍ നിന്ന് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് എത്തുന്നതു വരെ ഇവരുടെ സംരക്ഷണം ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കരിപ്പൂര്‍ പോലീസിനെ ഏല്‍പിച്ചു. കരിപ്പൂര്‍ പോലീസ് ഇവരെ സ്വകാര്യ ലോഡ്ജില്‍ സംരക്ഷിച്ചു വരവെ ഭക്ഷണ ചെലവും മുറി വാടകയും നല്‍കാനാകാതെ കുഴഞ്ഞു. ഇതിനിടെ ഇവരെ പടിഞ്ഞാറ്റുമുറി എ ആര്‍ ക്യാമ്പിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അവിടെ എടുത്തില്ല. വീണ്ടും ലോഡ്ജിലേക്ക് തന്നെ കൊണ്ടുവന്നു. ഒടുവില്‍ പാസ്‌പോര്‍ട്ട് എത്തി ഇന്നലെ രാത്രി ഇവര്‍ വിമാനം കയറ്റിയതോടെ പൊല്ലാപ്പ് തീര്‍ന്നത് പോലീസിനും ആശ്വാസമായി.

Latest