Connect with us

Malappuram

പ്രതീക്ഷയോടെ ഏആര്‍ നഗര്‍ പഞ്ചായത്ത്‌

Published

|

Last Updated

തിരൂരങ്ങാടി: ഏആര്‍ നഗര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ ത്വരിത ഗ്രാമീണ ശുദ്ധജലപദ്ധതി പ്രദേശത്തിന് മുതല്‍ കൂട്ടാവും. കുടിവെള്ളക്ഷാമത്തിന് പേരുകേട്ട ഈ പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആംരഭിച്ച കുടിവെള്ള പദ്ധതി വിപുലീകരിച്ച് കൂമന്‍ചിന കുടിവെള്ള പദ്ധതികൂടി ഉള്‍പ്പെടുത്തിയത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്.

ഒരുവര്‍ഷം കൊണ്ട് ഇത് യാഥാര്‍ഥ്യമാക്കുമെന്ന് വകുപ്പ് മേധാവികള്‍ പറയുന്നു. പഞ്ചായത്തിലെ പുകയൂരും സമീപപ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിന് ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 240 ലക്ഷം രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ലഭ്യമായിട്ടുണ്ട്. പദ്ധതിക്ക് 13.12.2007ല്‍ ഭരണാനുമതിയും 6.5.2008ല്‍ സാങ്കേതികാനുമതിയും ലഭിച്ചു.
പദ്ധതിയുടെ പ്രയോജനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് 2011ല്‍ ചേര്‍ന്ന എസ് എല്‍ എസ് എസ് സിയില്‍ 80 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് രണ്ട് വര്‍ഷങ്ങളിലായി 45 ലക്ഷം രൂപയും അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം പ്രതിശീര്‍ഷം 40 ലിറ്റര്‍ എന്നതോതില്‍ 15875 പേര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനാണ് പദ്ധതികൊണ്ട് ഉദ്യേശിച്ചിരുന്നത്. കടലുണ്ടി പുഴ സ്രോതസ്സായ ഈപദ്ധതിയുടെ ആറ് മീറ്റര്‍ വ്യാസമുള്ള കിണര്‍, പമ്പ് ഹൗസ്, ജലശുദ്ധീകരണത്തിനുള്ള ഇന്‍ഫില്‍റ്ററേഷന്‍ ഗ്യാലറി എന്നിവ മമ്പുറത്തിനടുത്ത് കുന്നംകുളം കടവിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അവിടെ നിന്നും ജലം 60 എച്ച് പി പമ്പ്‌സെറ്റ് ഉപയോഗിച്ച് 200മില്ലി മീറ്റര്‍ വ്യാസമുള്ള പൈപ്പ് വഴി 3200 മീറ്റര്‍ ദൂരത്തില്‍ പമ്പ് ചെയ്ത് പുകയൂരില്‍ പഞ്ചായത്ത് ലഭ്യമാക്കിയ സ്ഥലത്ത് നിര്‍മിച്ച 2.35 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ ശേഖരിക്കുന്നു. ഈ ജലം പദ്ധതിയില്‍പ്പെട്ട വിവിധ പ്രദേശങ്ങളിലായി 28 കിലോമീറ്റര്‍ ദൂരത്തില്‍ 200മില്ലീലിറ്റര്‍ മുതല്‍ 50 മില്ലീമീറ്റര്‍ വരെ വ്യാസമുള്ള പൈപ്പുകള്‍സ്ഥാപിച്ച് വിതരണം ചെയ്യും.മാത്രമല്ല പൊതുടാപ്പുകള്‍ വഴിയും സര്‍വീസ് കണക്ഷനുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് വെള്ളം ലഭ്യമാകും. ഈ പദ്ധതി വാട്ടര്‍ അതോറിറ്റി പഞ്ചായത്തിന് കൈമാറുന്നതും തുടര്‍നടത്തിപ്പും വാട്ടര്‍കണക്ഷനുകള്‍ അനുവദിക്കലും പഞ്ചായത്ത് നേരിട്ട് നടത്തുന്നതുമായിരിക്കും.
പദ്ധതിക്ക് വേണ്ടി തുടര്‍ന്നുള്ള സാങ്കേതിക സഹായങ്ങള്‍ വാട്ടര്‍ അതോറിറ്റി നല്‍കും. പഞ്ചായത്തിലെ കൂമന്‍ചിന പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിന് വ്യവസായ വകുപ്പുമന്ത്രിയുടെ നിര്‍ദേശപ്രകാരം ജലവിഭവ വകുപ്പ് 54.8ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും മന്ത്രി എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഈ വര്‍ഷം അനുവദിക്കുകയും ചെയ്തു. കൂമന്‍ചിന പ്രദേശത്തെ 2840 പേര്‍ക്ക് ഈപദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. ഏആര്‍ നഗര്‍ കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും ഉപയോഗപ്പെടുത്തുകയും പുതുതായി 10 കുതിര ശക്തിയുള്ള രണ്ട് പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് 1700 മീറ്റര്‍ 110 എം എം പമ്പിങ്ങ്‌മെയിന്‍ വഴി കൂമന്‍ചിനയില്‍ നിര്‍മിക്കുന്ന 75000 ലിറ്റര്‍ ശേഷിയുള്ള ഉപരിതല സംഭരണിയില്‍ ശേഖരിക്കുന്നു. ഈജലം 1.74കീ.മി വിതരണ ശൃംഖല സ്ഥാപിച്ച് വിതരണം ചെയ്യാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പദ്ധതി 2014 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

Latest