Connect with us

International

മുഹമ്മദ് മുര്‍സിയുടെ വിചാരണ നവംബര്‍ നാലിന്‌

Published

|

Last Updated

കൈറോ: കൂട്ടക്കൊല, ആക്രമണം എന്നി കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ അടുത്ത മാസം നാലിന്. മുര്‍സി രാജ്യം ഭരിക്കുന്ന സമയത്ത് പ്രതിപക്ഷ പ്രക്ഷോഭകര്‍ക്കെതിരെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളിലും ഏഴ് പ്രക്ഷോഭകരുടെ കൊലപാതകത്തിലും മുര്‍സിക്ക് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. മുര്‍സിക്കൊപ്പം ബ്രദര്‍ഹുഡിന്റെ 14 നേതാക്കളെയും വിചാരണ ചെയ്യുമെന്ന് ക്രിമിനല്‍ കോടതി വക്താക്കളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു. കൈറോയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപത്തുണ്ടായ ആക്രമണങ്ങളില്‍ നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റിരുന്നു. മുര്‍സിയുടെ അധികാരം നഷ്ടപ്പെടുത്തിയ ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ചതും ഈ ഏറ്റുമുട്ടലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനുണ്ടായ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. പ്രസിഡന്റിന്റെ അധികാര പരിധി ഉയര്‍ത്തിയ ഭരണഘടനാ കരട് പാസാക്കാന്‍ ഹിതപരിശോധന അനിവാര്യമാണെന്നാവിശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. എന്നാല്‍ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് സഹായത്തോടെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രക്ഷോഭത്തിന് മുര്‍സിക്ക് പുറമെ ബ്രദര്‍ഹുഡ് നേതാക്കളായ മുഹമ്മദ് അല്‍ ബല്‍താഗി, ഇസ്സം അല്‍ അറൈന്‍ തുടങ്ങിയ നേതാക്കള്‍ ആഹ്വാനം ചെയ്തുവെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. ഹുസ്‌നി മുബാറക്കിന്റെ ഭരണ കാലത്ത് ജയില്‍ തകര്‍ത്ത കേസിലും മുര്‍സി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ജൂലൈ മൂന്നിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രഹസ്യ സങ്കേതത്തിലാണ്. അതിനിടെ, മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഈജിപ്തിലെ നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. മുര്‍സിക്ക് മേല്‍ ചുമത്തിയ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ ആരോപിച്ചു. ഞായാറാഴ്ച ബ്രദര്‍ഹുഡ് പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുര്‍സിയുടെ വിചാരണ പ്രക്ഷോഭകര്‍ തടസ്സപ്പെടുത്തുമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest