Connect with us

Kozhikode

അബൂബക്കര്‍ ഹാജി വോളിബോളിന്റെ പഴയ തലമുറയിലെ അവസാന താരം

Published

|

Last Updated

വടകര: അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തോടെ നഷ്ടമായത് പഴയകാല വോളിബോള്‍ കളിക്കാരുടെ അവസാന കണ്ണിയെ. ഹസീന സ്‌പോര്‍ട്‌സ് ക്ലബിനും ഇന്ത്യന്‍ റെയില്‍വേക്കും സംസ്ഥാന സ്‌കൂള്‍ ടീമിനും വേണ്ടി കോര്‍ട്ടിലിറങ്ങിയിരുന്ന താരമായിരുന്നു ഹാജി. വടകര എം വി എം ഹൈസ്‌കൂള്‍ ടീമിലൂടെ 1958-59 കാലത്താണ് സംസ്ഥാന സ്‌കൂള്‍ ടീമിലേക്ക് അബൂബക്കര്‍ എത്തിച്ചേരുന്നത്. 1964 മുതല്‍ 76 വരെ സതേണ്‍ റെയില്‍വേക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. ഈ കാലയളവിലാണ് അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ കളിച്ചത്. നല്ല അത്‌ലറ്റിക് കൂടിയായ അബൂബക്കര്‍ ഹാജി ഹൈജമ്പിലും ലോംഗ്ജമ്പിലും ജില്ലാ ചാമ്പ്യനുമായിരുന്നു. റെയില്‍വെയില്‍ ജോലി നേടിയ ശേഷം സിലോണില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. എം ഇ എസ്, ഹസീന സ്‌പോര്‍ട്‌സ് ക്ലബ്, വടകര സ്‌പോര്‍ട്‌സ് ക്ലബ്, പാരഡൈസ് സ്‌പോര്‍ട്‌സ് ക്ലബ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ വടകരയിലെ വോളിബോള്‍ സംഘാടകരുടെ യോഗം അനുശോചിച്ചു. പി ബാലന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ് വി അബ്ദുര്‍റഹ്മാന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. രാഘവന്‍ മാണിക്കോത്ത്, പുറന്തോടത്ത് സുകുമാരന്‍, ടി എച്ച് അബ്ദുല്‍മജീദ്, എന്‍ ഐ എസ് വോളിബോള്‍ കോച്ച് പി കെ ബാലന്‍, മൊയ്തുമാസ്റ്റര്‍, ടി പി രാധാകൃഷ്ണന്‍, വി വിദ്യാസാഗര്‍ പ്രസംഗിച്ചു.