Connect with us

Kozhikode

ടി പി വധം: വൈദ്യുതി ഉണ്ടായിരുന്നെന്ന് പ്രതിഭാഗം സാക്ഷി

Published

|

Last Updated

കോഴിക്കോട്: വള്ളിക്കാട്ട് സി ഡബ്ല്യു എസ് എ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴെ നിലയില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നതായി സാക്ഷി മൊഴി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച സി ഡബ്ല്യു എസ് എ യൂനിറ്റ് ട്രഷറര്‍ എന്‍ കെ നാണുവാണ് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കിയത്. ടി പിയെ അക്രമികള്‍ വെട്ടുന്നത് സി സി ഡബ്ല്യു എസ് എ കെട്ടിടത്തില്‍ ഉണ്ടായിരുന്ന ലൈറ്റിന്റെ പ്രകാശത്തിലും നിലാവെളിച്ചത്തിലുമാണ് കണ്ടതെന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് കളവാണെന്ന് തെളിയിക്കുന്നതിനാണ് പ്രതിഭാഗം നാണുവിനെ സാക്ഷിയായി വിസ്തരിച്ചത്. എന്നാല്‍ പ്രതിഭാഗം പ്രതീക്ഷച്ചതില്‍ നിന്ന് വിത്യസ്തമായ മൊഴിയാണ് നാണു കോടതിയില്‍ നല്‍കിയത്.
സി ഡബ്ല്യു എസ് എ ഓഫീസ് പ്രവര്‍ത്തിച്ച മുകളിലത്തെ നിലയില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നെങ്കിലും താഴത്തെ നിലയില്‍ വൈദ്യുതി ഉണ്ടായിരുന്നതായി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി കുമാരന്‍കുട്ടിയുടെ വിസ്താരത്തിനിടെ നാണു മൊഴി നല്‍കി.
ഓഫീസ് പ്രവര്‍ത്തിച്ച വള്ളിക്കാട്ടുള്ള കെട്ടിടത്തിന്റെ ഉടമകള്‍ മനത്താനത്ത് മുഹമ്മദ്ഹാജിയും സഹോദരിയുമാണെന്നും സി ഡബ്ല്യു എസ് എ യൂനിറ്റ് സെക്രട്ടറിയാണ് വാടക കരാറില്‍ ഒപ്പുവെച്ചതെന്നും നാണു പ്രതിഭാഗം അഭിഭാഷകന്‍ പി വിശ്വന്റെ വിസ്താരത്തിനിടെ പറഞ്ഞു. 250 രൂപയായിരുന്നു വാടക. കരാറില്‍ സാക്ഷിയായി ഞാന്‍ ഒപ്പുവെച്ചിട്ടുണ്ട്. 2013 ജനുവരിയില്‍ മുറി ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സി ഡബ്ല്യു എസ് എ വള്ളിക്കാട് യൂനിറ്റ് ട്രഷററാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് നാണു മറുപടി നല്‍കി. സംഘടനയില്‍ അംഗമാണെന്ന് കാണിക്കുന്ന യാതൊരു രേഖയും കോടതിയില്‍ ഹാജരാക്കിയിട്ടില്ല.
കെട്ടിടത്തിന്റെ മുറി ഏറ്റുവാങ്ങിയത് ആരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കിയിട്ടില്ല. സി ഡബ്ല്യു എസ് എ ഓഫീസിന്റെ അടുത്തുള്ള മുറികളില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ല.
മുറി ഒഴിഞ്ഞു കൊടുത്തത് സംബന്ധിച്ചുള്ള രേഖയും ഹാജരാക്കിയിട്ടില്ല. സി പി എം പ്രവര്‍ത്തകനല്ലെന്ന് പറഞ്ഞ നാണു കേസിലെ പ്രതിയും സി പി എം നേതാവുമായി കെ സി രാമചന്ദ്രനെ അറിയാമെന്ന് കോടതിക്ക് മുമ്പാകെ മൊഴി നല്‍കി. കെ സി രാമചന്ദ്രനുമായി കുടുംബബന്ധമില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.

Latest