Connect with us

Kozhikode

അനധികൃത കെട്ടിടത്തിനെതിരെ നടപടി ഇഴയുന്നു; നഗരസഭാ യോഗത്തില്‍ പ്രതിഷേധം

Published

|

Last Updated

വടകര: എടോടിയില്‍ നിര്‍മിച്ച അനധികൃത കെട്ടിടത്തിനെതിരെയുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നതില്‍ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം.
നേരത്തെ പല കൗണ്‍സില്‍ യോഗങ്ങളിലും ഭരണ-പ്രതിപക്ഷ ഭേദമെന്യേ അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ നടപടി എന്തായെന്ന് പ്രതിപക്ഷനേതാവ് സി എച്ച് വിജയനും മുസ്‌ലിം ലീഗ് അംഗം എം പി അഹമ്മദും ചോദിച്ചു. അനധികൃത നിര്‍മാണത്തെ സംബന്ധിച്ച് നഗരസഭ നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് സെക്രട്ടറി ഹിയറിംഗിന് വെച്ചതായും നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. കോട്ടപ്പുഴ അഴിമുഖത്തുനിന്നുള്ള മണല്‍ വാരല്‍ ഒരു മാസക്കാലമായി നിലച്ചിരിക്കുകയാണെന്നും ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും നൂറുകണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായിരിക്കുകയുമാണെന്ന് കോണ്‍ഗ്രസ് അംഗം രാഘവന്‍ നല്ലാടത്ത് പറഞ്ഞു.
ഇക്കാര്യം പരിഹരിക്കാന്‍ നഗരസഭക്ക് കഴിയില്ലെന്നും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കി. വടകര നഗരത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കൂരിയാടിയിലെ മത്സ്യഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. പി സഫിയ, എ പി മോഹനന്‍, പി കെ ബാലകൃഷ്ണന്‍, അഡ്വ. ലതികാ ശ്രീനിവാസന്‍, കാനപ്പള്ളി ബാലകൃഷ്ണന്‍, ടി ഐ നാസര്‍, പി രോഹിണി ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest