Connect with us

Sports

ഫുട്‌ബോളില്‍ 'ഇംഗ്ലീഷ്' വിവാദം

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളില്‍ പുതിയൊരു വിവാദം തലപൊക്കുന്നു. ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ ഇംഗ്ലീഷുകാര്‍ മാത്രം മതിയെന്ന വാദവുമായി ആഴ്‌സണലിന്റെ മിഡ്ഫീല്‍ഡര്‍ ജാക് വില്‍ഷെര്‍ രംഗത്തെത്തി. ബെല്‍ജിയം യുവതാരം അദ്‌നന്‍ ജനുസാജിനെ ദേശീയ ടീമിന് വിട്ടുകൊടുക്കാതിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രാജ്യാന്തര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചേക്കുമെന്ന സൂചന നല്‍കിയതിന് പിറകെയാണ് വില്‍ഷെറിന്റെ പ്രസ്താവം. രാജ്യാന്തര തലത്തില്‍ ബെല്‍ജിയം, സെര്‍ബിയ, അല്‍ബാനിയ, തുര്‍ക്കി ടീമുകളെ പ്രതിനിധാനം ചെയ്യാന്‍ ജനുസാജിന് അവസരമുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രത്തെ താരം തിരഞ്ഞെടുക്കണമെന്ന് മാത്രം. ജനുസാജിന്റെ മാതാപിതാക്കള്‍ കൊസോവോ-അല്‍ബേനിയ സ്വദേശികളാണ്. തുര്‍ക്കിയിലാണ് മുന്‍തലമുറക്കാര്‍. കൊസോവോയില്‍ നിന്ന് സ്വാതന്ത്രം നേടിയത് വഴി സെര്‍ബിയക്കും ജനുസാജിനായി അവകാശവാദം ഉന്നയിക്കാം. കൊസോവോക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമില്ലാത്തതിനാല്‍ യുവേഫ, ഫിഫ അംഗത്വമില്ല. കഴിഞ്ഞ ദിവസം ബെല്‍ജിയം ഫുട്‌ബോള്‍ അധികൃതര്‍ ജനുസാജിനെ ടീമിലെടുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തടയുകയായിരുന്നു. പതിനേഴ് വയസ് മാത്രം പ്രായമുള്ള മിഡ്ഫീല്‍ഡര്‍ ദേശീയ ടീമിനെ ഇനിയും തിരഞ്ഞെടുത്തിട്ടില്ലെന്ന് ക്ലബ്ബ് മറുപടി നല്‍കി. പ്രതിഭാധനനായ താരത്തെ സ്വന്തമാക്കാന്‍ എഫ് എയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മില്‍ നടത്തുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. എന്നാല്‍, വിദേശ താരങ്ങളല്ല ഇംഗ്ലണ്ടിന് കളിക്കേണ്ടതെന്ന് ജാക് വില്‍ഷര്‍ അഭിപ്രായപ്പെട്ടത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. അഞ്ചോ ആറോ വര്‍ഷം ഒരാള്‍ ഇംഗ്ലണ്ടില്‍ കളിച്ചതു കൊണ്ട് ഇംഗ്ലീഷ് ആകില്ല. ധാരാളം പ്രതിഭകള്‍ ഇവിടെയുണ്ട്. അവരുടെ കുടുംബം കാത്തിരിക്കുകയാണ് ദേശീയ ടീമില്‍ അരങ്ങേറുന്ന ദിവസത്തിന് വേണ്ടി. ജനുസാജിന്റെ വിഷയത്തിലല്ല തന്റെ പ്രതികരണം. വിദേശ താരങ്ങള്‍ ഇംഗ്ലണ്ട് ടീമിലേക്ക് വരുന്നത് സംബന്ധിച്ച പൊതുവിഷയത്തിലാണെന്നും ജാക് വില്‍ഷെര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമില്‍ അംഗമായ ലിവര്‍പൂളിന്റെ റഹീം സ്റ്റെര്‍ലിംഗ് ജമൈക്കക്കാരനാണ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വില്‍ഫ്രഡ് സാഹ ഐവറികോസ്റ്റിലാണ് ജനിച്ചത്. യുദ്ധക്കളമായ ബുറുണ്ടിയില്‍ നിന്ന് പത്ത് വയസില്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സെയ്‌ദോ ബെറാഹിനോയും ഇംഗ്ലണ്ടിന്റെ യുവനിരയിലുണ്ട്. വൈവിധ്യങ്ങളുടെ സമ്മേളനമാണ് തന്റെ ടീമെന്ന് അണ്ടര്‍ 21 കോച്ച് ഗാരെത് സൗത് ഗേറ്റ് പറയുന്നു. അവര്‍ ഇംഗ്ലണ്ടിന് കളിക്കുന്നത് ഏറെ അഭിമാനത്തോടെ കാണുന്നു – സൗത്‌ഗേറ്റിന്റെ വാക്കുകള്‍. ജനുസാജ് ടീമിലെത്തുകയാണെങ്കില്‍ പ്രതിഭകളുടെ ധാരാളിത്തം അനുഭവപ്പെടും.
എഫ് എ ചെയര്‍മാന്‍ ഗ്രെഗ് ഡൈക് വിദേശികളുടെ എണ്ണം കൂടിവരുന്നത് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.
മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ക്രിസ് വാഡില്‍ ജാക് വില്‍ഷെറിന്റെ പക്ഷത്താണ്. ജനിക്കുന്ന നാടേതാണോ അതായിരിക്കണം ദേശീയ ടീം.
എന്നാല്‍, വിദേശ പ്രതിഭകളുടെ വരവ് ഗുണം ചെയ്യുമെന്ന് സൗത് ഗേറ്റ് വിശ്വസിക്കുന്നു. ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ. ദക്ഷിണാഫ്രിക്കക്കാരായ കെവിന്‍ പീറ്റേഴ്‌സന്‍, ജോനാഥന്‍ ട്രോട്, മാറ്റ് പ്രയര്‍ എന്നിവരുടെ വരവ് ഇംഗ്ലണ്ടിനെ കരുത്തുറ്റ നിരയാക്കി. ചരിത്രം സൃഷ്ടിച്ചു കൊണ്ട് ആഷസില്‍ ഇംഗ്ലണ്ട് പടയോട്ടം നടത്തി.

Latest