Connect with us

Ongoing News

ദുലീപ് ട്രോഫി സെമിഫൈനല്‍ ഇന്ന് തുടങ്ങും

Published

|

Last Updated

കൊച്ചി: കൊച്ചിയുടെ പകലിന് ക്രിക്കറ്റ് ആവേശം പകര്‍ന്ന് ദുലീപ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമിഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖലാ ടീമും വൃഥിമാന്‍ സാഹ നയിക്കുന്ന കിഴക്കന്‍ മേഖലയുമാണ് ചതുര്‍ദിന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാവിലെ 9 മുതലാണ് മത്സരം.
കഴിഞ്ഞ രഞ്ജി സീസണില്‍ പഞ്ചാബിനായി കൡച്ച ഹര്‍ഭജന്‍ ഇതാദ്യമായാണ് ദുലീപ് ട്രോഫിയില്‍ കേരളത്തില്‍ കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ താരം അശോക് ദിണ്ഡയാണ് കിഴക്കന്‍ മേഖലാ ടീമിലെ ശ്രദ്ധാകേന്ദ്രം.
എതിര്‍നിരയില്‍ അനുഭവ പരിചയമുള്ള താരങ്ങള്‍ കൂടുതലായുള്ളത് മത്സരം കടുത്തതാക്കുമെന്ന് കിഴക്കന്‍ മേഖലാ ടീം നായകന്‍ വൃദ്ധിമാന്‍ സാഹ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ടീമുമായാണ് മത്സരത്തിനിറങ്ങുന്നതെന്നും സാഹചര്യം കൂടി അനൂകൂലമായാല്‍ നല്ല പ്രകടനം പ്രതീക്ഷിക്കുന്നതായും സാഹ വ്യക്തമാക്കി.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഉത്തരമേഖലാ ടീമംഗം ഉന്മുക്ത് ചന്ദ് പറഞ്ഞു. ബാറ്റിംഗാണ് ടീമിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു ടീമുകളും ബുധനാഴ്ച വൈകീട്ട് രണ്ടു മണിക്കൂറോളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇതാദ്യമായാണ് കൊച്ചിയില്‍ ദുലീപ് ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ നടക്കുത്. 2003ലാണ് അവസാനമായി ദുലീപ് ട്രോഫി മത്സരം കേരളത്തില്‍ നടന്നത്.
മത്സരം സ്റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം കാണാം. കാണികള്‍ക്കു രാവിലെ എട്ടു മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.