Connect with us

Ongoing News

ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ടി20 യോടെ തുടക്കം: ആവേശമായ് യുവി

Published

|

Last Updated

രാജ്‌കോട്ട്: ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ ക്രിക്കറ്റ് പര്യടനത്തിന് ഇന്ന് ട്വന്റി20 വെടിക്കെട്ടോടെ രാജ്‌കോട്ടില്‍ തുടക്കം. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗ് തിരിച്ചെത്തുന്നുവെന്നതും മൈക്കല്‍ ക്ലാര്‍ക്കില്ലാതെ ആസ്‌ത്രേലിയ വരുന്നതുമാണ് പര്യടനത്തെ ഇതിനകം ശ്രദ്ധേയമാക്കിയത്.
വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയും ചലഞ്ചര്‍ ട്രോഫിയിലും തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന യുവരാജ് സിംഗ് ലോകകപ്പ് ടീമില്‍ ഇടമുറപ്പിക്കാനുള്ള യജ്ഞവേദിയായിട്ടാണ് പരമ്പരയെ കാണുന്നത്. കാന്‍സറിനെ അതിജീവിച്ചെത്തിയ യുവരാജ് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ ഫ്രാന്‍സില്‍ പ്രത്യേക പരിശീലനം നടത്തി.
വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ യുവി ബാറ്റേന്തിയപ്പോഴും ആരും പഴയ പ്രതാപം പ്രതീക്ഷിച്ചതല്ല. 89 പന്തില്‍ 129 റണ്‍സടിച്ച് യുവി ഏവരെയും സ്തംബ്ധരാക്കി. പിന്നീട് കളിച്ച നാല് ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍. മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിലേക്ക് തിരിച്ചെത്താന്‍ യുവരാജിന് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. തിരിച്ചുവരവില്‍ യുവിക്ക് മേല്‍ സമ്മര്‍ദം വരാതെ നോക്കുമെന്ന് ക്യാപ്റ്റന്‍ ധോണി പറഞ്ഞു. വലിയ മത്സരങ്ങള്‍ ജയിക്കാനുള്ള യുവിയുടെ മിടുക്ക് ടീമിന് ആവശ്യമുണ്ട്.
ഇംഗ്ലണ്ടിനെതിരെ 156 റണ്‍സടിച്ച് ടി20യിലെ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച ആരോന്‍ ഫിഞ്ചാണ് ഓസീസ് നിരയിലെ കരുത്തന്‍. സ്‌കോട്‌ലന്‍ഡിനെതിരെ ഏകദിനത്തില്‍ 148 റണ്‍സടിച്ചും ഫിഞ്ച് മികവറിയിച്ചു. ഐ പി എല്ലില്‍ പൂനെ വാരിയേഴ്‌സിനെ നയിച്ച പരിചയം കൂടി ഫിഞ്ചിനുണ്ട്.
2012 ഡിസംബറിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ട്വന്റി മത്സരം കൂടിയാണ് ഇന്നത്തേത്. ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും തിളങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന ടീം രാജ്യാന്തര തലത്തില്‍ ആ മികവ് എത്രത്തോളം കാണിക്കുമെന്നത് ഇന്നറിയാം.
ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് ഐ പി എല്‍ ടീമുകള്‍ ഫൈനല്‍ കളിച്ചത് കുട്ടിക്രിക്കറ്റില്‍ ഇന്ത്യയുടെ കരുത്ത് തന്നെയാണ് വിളിച്ചോതുന്നത്. അതേ സമയം, ആസ്‌ത്രേലിയന്‍ നിരയിലെ അഞ്ച് പേര്‍ ചാമ്പ്യന്‍സ് ഫൈനല്‍ കളിച്ച നിരയിലുണ്ടായിരുന്നു. മിച്ചല്‍ ജോണ്‍സന്‍ മാത്രമാണ് കളിക്കാതിരുന്നത്. ഇന്ത്യന്‍ സാഹചര്യവുമായി ഒത്തിണങ്ങാന്‍ ആസ്‌ത്രേലിയക്കാര്‍ക്ക് സാധിക്കും. ടോപ് ഓര്‍ഡറില്‍ ഷെയിന്‍ വാട്‌സനുണ്ട്. ആരോന്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം തകര്‍പ്പന്‍ ഫോമിലാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സീമര്‍ ജെയിംസ് ഫോക്‌നറും ഇന്ത്യക്ക് ഭീഷണിയാണ്.
സമീപകാല ഫോം ആസ്‌ത്രേലിയക്ക് എതിരാണ്. അവസാനം കളിച്ച ഏഴ് കളികളില്‍ ആറിലും തോറ്റു. പരമ്പരയില്‍ ഒരു ടി20 ഫോര്‍മാറ്റ് മത്സരം മാത്രമാണുള്ളത്. ചുരുങ്ങിയത് രണ്ട് ടി20യെങ്കിലും പരമ്പരയില്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ആദ്യ മത്സരത്തില്‍ തോല്‍ക്കുന്ന ടീമിന്റെ വാശിയേറിയ തിരിച്ചുവരവ് കാണാനുള്ള അവസരം ക്രിക്കറ്റ് പ്രേമികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. അതേ സമയം, ഏഴ് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മിക്കവാറും ക്രിക്കറ്റ് പര്യടനം ഇതേ ഫിക്ചറിലാണ് തയ്യാറാക്കപ്പെടുന്നത്. കൂടുതല്‍ ഏകദിനം സമം കൂടുതല്‍ വരുമാനം എന്നതാണ് ഇതിന് പിറകിലെ ചേതോവികാരം.
ടീം ഇന്ത്യ (സാധ്യതാ ഇലവന്‍): ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ.
ടീം ആസ്‌ത്രേലിയ (സാധ്യത ഇലവന്‍): ആരോന്‍ ഫിഞ്ച്, ഷെയിന്‍ വാട്‌സന്‍, ജോര്‍ജ് ബെയ്‌ലി (ക്യാപ്റ്റന്‍), ആദം വോജസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെന്റികസ്, ബ്രാഡ് ഹാഡിന്‍ (വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്‌നര്‍, മിച്ചല്‍ ജോണ്‍സന്‍, നഥാന്‍ കോള്‍ട്ടര്‍/ക്ലിന്റ് മക്‌ഗേ/ സേവ്യര്‍ ദൊഹര്‍തി.

 

---- facebook comment plugin here -----

Latest