Connect with us

Wayanad

വൈസ് ചാന്‍സലറുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാനന്തവാടി ക്യാമ്പസ്‌

Published

|

Last Updated

മാനന്തവാടി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുകയാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ്. ഗവ.കോളേജ്, പി കെ കാളന്‍ മെമ്മോറിയല്‍ അപ്ലൈഡ് കോളേജ്, വിദൂര വിദ്യാഭ്യാസ കേന്ദ്രം, ഗവ. എഞ്ചിനിയറിംഗ് കോളേജ് എന്നിവയാണ് ജില്ലയില്‍ കണ്ണൂര്‍ സര്‍വ്വകാലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2006ല്‍ ആണ് എടവക പഞ്ചായത്ത് അനുവദിച്ച 1.94 ഏക്കര്‍ സ്ഥലത്ത് മാമട്ടം കുന്നില്‍ ക്യാംപസ് പ്രവര്‍ത്തനം ആരംഭിച്ചത്. ജന്തുശാസ്ത്ര പഠന ഗവേഷണ കേന്ദ്രം, റൂറല്‍ ട്രൈബല്‍ സോഷ്യോളജി, അധ്യാപക പരിശീലന കേന്ദ്രം എന്നിവയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
160 വിദ്യാര്‍ഥികള്‍, 20ല്‍ അധികം അധ്യാപകര്‍, 10 അനധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ക്യംപസ് സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പ് മുട്ടുകയാണ്. സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ മൂന്ന് ബാച്ചുകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ “ആസ്‌പെയര്‍” സ്‌കോളര്‍ഷിച്ച് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിനുള്ള ലാബ് സൗകര്യം പരിമിതമാണ്. ഇവിടെ നാല് സ്ഥിരം ടീച്ചര്‍മാരും ഒരു പ്രൊഫസറും വേണ്ട സ്ഥാനത്ത് ഒരാളുപോലുമിവിടെയില്ല. സോഷ്യോളജി വിഭാഗത്തില്‍ പി ജി എടുക്കുന്നവര്‍ യുജിസി അംഗീകാരമില്ലാത്തതിനാല്‍ അധ്യാപക യോഗ്യത പരീക്ഷ എഴുതാന്‍ കഴിയുന്നില്ല. 2010 ല്‍ ആണ് അധ്യാപക പരിശീലന കേന്ദ്രത്തില്‍ വനിതാ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് ഒന്നാം നിലയുടെ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ത്തിയായത്. കുടിവെള്ളം, ഫര്‍ണ്ണിച്ചര്‍, കിച്ചന്‍ തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാലേ ഹോസ്റ്റല്‍ ഉപയോഗപ്പെടുത്താന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമീപത്തെ മറ്റ് വീടുകളിലും മറ്റുമാണ് താമസിക്കുന്നത്. . സ്ഥിരം അധ്യാപകരില്ലാത്തതാണ് രണ്ട് സെന്ററുകളിലേയും പ്രധാന പ്രശ്‌നം. നാല് സ്ഥിരം അധ്യാപകരുടെ ഒഴിവുകളാണ് വര്‍ഷങ്ങളായി നികത്തപ്പെടാതെ കിടക്കുന്നത്. ലക്ചറര്‍മാരെ നിയമിക്കുന്നതിനായി കൂടികാഴചനടത്തി ലിസ്റ്റ് തയ്യാറാക്കി രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും നിയമനം നടത്തിയിട്ടില്ല. കൂടാതെ ടീച്ചര്‍ എഡ്യൂക്കേഷനസെന്ററിലേക്കുള്ള അധ്യാപക നിയമനത്തിനായി ഇന്റര്‍വ്യു നടത്തിയെങ്കിലും ലിസ്റ്റ് ഇതുവരെയായും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിന് കാരണം യൂണിവേഴ്‌സിറ്റി അധികാരികളുടെ വേണ്ടപ്പെട്ട ചില യോഗ്യതയില്ലാത്ത അധ്യാപകരെ നിലനിര്‍ത്തുന്നതിനാണെന്നും ആക്ഷേപമുണ്ട്. കൂടതെ ക്യാംപസ് ഡയറക്ടറുടെ പോസ്റ്റും ഒഴിഞ്ഞ് കിടക്കുകയാണ്. ഒരു ക്ലര്‍ക്ക് മാത്രമാണ് മൂന്ന് സെന്ററുകളിലൂമായി ഉള്ളത്. ക്യാംപസിലേക്ക് വാഹന സൗകര്യം ഇല്ലാത്തതും വിദ്യാര്‍ഥികള്‍ക്ക് ഏറെ ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. കിലോമീറ്ററുകളോളം നടന്നാണ് വിദ്യാര്‍ഥികള്‍ ക്യംപസിലെത്തുന്നത്. ഇന്‍ഫര്‍മേഷന്‍ സെന്ററില്ലാത്തത് കാരണം യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും കണ്ണൂരില്‍ പോയി വരേണ്ടത് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയാണ്. രണ്ടര വര്‍ഷമായി സിണ്ടിക്കേറ്റില്‍ ജില്ലയുടെ പ്രതിനിധി ഇല്ലാത്തതും ക്യാംപസ് വികസനത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. കൂടാതെ യൂണിവേഴ്‌സിറ്റി ക്യാംപസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി അക്ഷീണം പ്രവര്‍ത്തിച്ച കോഴ്‌സ് ഡയറക്ടറെ ഒരു പ്രത്യേക വിഭാഗത്തിന്റെ താത്പര്യ പ്രകാരം പുറത്താക്കിയതും വിദ്യാര്‍ഥികള്‍ക്കും, നാട്ടുകാര്‍ക്കുമിടയില്‍ അമര്‍ഷമുണ്ട്.

 

Latest